ശ്രീജിത്ത് പണിക്കര്‍
In Facebook
24ന്യൂസ് ജനകീയ കോടതി കണ്ട് അഭിപ്രായം അറിയിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് എന്റെ ഹൃദയത്തില്‍ തൊട്ട് നന്ദി. സംവാദത്തിന് തയ്യാറുണ്ടോ എന്ന് ചാനലിനോട് ഞാന്‍ ചോദിച്ച ചോദ്യം നിങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പരിപാടി ഉണ്ടായത്.
നീതിപൂര്‍വ്വമായ എഡിറ്റിങ് ഉണ്ടായിരുന്നെങ്കില്‍ ജനകീയ കോടതി ഇനിയും നന്നായേനെ എന്നാണ് എനിക്കു തോന്നിയത്. എഡിറ്ററുടെ ഡെസ്‌കില്‍ വെച്ച് കത്രിക കയറ്റിയ ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു:
1. പാകിസ്ഥാനില്‍ ബഹായി മതക്കാര്‍ മതപീഡനം നേരിടുന്നു എന്ന് അരുണ്‍ അവകാശപ്പെട്ടു. എങ്കില്‍ അതിനെക്കുറിച്ചുള്ള രേഖകള്‍ വായിക്കാന്‍ ഞാന്‍ മൂന്നു തവണ അരുണിനോട് ആവശ്യപ്പെട്ടു. അരുണിന്റെ കയ്യില്‍ രേഖയൊന്നും ഉണ്ടായിരുന്നില്ല. ന്യായമായും ആ ഭാഗത്ത് കത്രിക കയറ്റി.
2. പാകിസ്ഥാനിലെ മതന്യൂനപക്ഷം നേരിടുന്ന പീഡനങ്ങളെ കുറിച്ച് ഐക്യരാഷ്ട്രസഭയുടെ കമ്മിറ്റി ഓണ്‍ എലിമിനേഷന്‍ ഓഫ് റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്റെ റിപ്പോര്‍ട്ട് ഞാന്‍ വായിച്ചതില്‍ മൊത്തമായി കത്രിക കയറ്റി.
3. മതന്യൂനപക്ഷത്തെ സഹായിക്കാന്‍ ഉണ്ടാക്കിയ ഹിന്ദു വിവാഹ നിയമം, ക്രിസ്ത്യന്‍ വിവാഹനിയമം, വിവാഹ മോചന നിയമം എന്നിവ നടപ്പാക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നില്ല പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്ക് ഐക്യരാഷ്ട്ര സഭ ഹൈകമ്മീഷണര്‍ അയച്ച കത്ത് ഞാന്‍ വായിച്ചതില്‍ മൊത്തമായി കത്രിക കയറ്റി.
4. എന്നെ വലതുപക്ഷ നിരീക്ഷകന്‍ എന്നു വിശേഷിപ്പിച്ചതിനെ ഞാന്‍ ചോദ്യം ചെയ്തു. എന്തുകൊണ്ട് ഞാന്‍ വലതുപക്ഷമല്ല എന്ന് വിശദീകരിച്ചു. തൃപ്തികരമായ വിശദീകരണം ആയതിനാല്‍ ഇനി അത് സംസാരിക്കേണ്ടെന്ന് ജഡ്ജ് അരുണിനെ വിലക്കി. ഈ സംഭവത്തില്‍ മൊത്തമായി കത്രിക കയറ്റി.
5. ഫിയര്‍ ഓഫ് പെര്‍സെക്യൂഷന്‍ അഥവാ പീഡനഭയം എന്നൊരു വിചിത്രമായ സംഗതി ഇന്ത്യന്‍ സര്‍ക്കാര്‍ നിയമത്തില്‍ കയറ്റിയിട്ടുണ്ടെന്ന് ഹരീഷ് പറയുന്നുണ്ട്. എന്നാല്‍ പീഡനഭയം എന്നത് ഇന്ത്യയുടെ നിര്‍വചനം അല്ലെന്നും, ഐക്യരാഷ്ട്ര സഭയുടേത് ആണെന്നും, പീഡനഭയം എന്നത് ഒരാളിന് അഭയാര്‍ത്ഥിയാകാന്‍ തക്ക കാരണം ആണെന്ന് ഐക്യരാഷ്ട്ര സഭയുടെ 1951ലെ റെഫ്യൂജി കണ്‍വെന്‍ഷനില്‍ പറഞ്ഞിട്ടുണ്ട് എന്നും ഞാന്‍ ഹരീഷിനെ തിരുത്തുന്ന ഭാഗത്തില്‍ മൊത്തമായി കത്രിക കയറ്റി.
6. ഐടി നിയമത്തിലെ സെക്ഷന്‍ 66Aയുടെ തെറ്റായ വിശദീകരണം ഹരീഷ് നല്‍കിയിരുന്നു. അതുപ്രകാരം കേസ് നല്‍കുന്ന ആളിന് ഉണ്ടാകുന്ന മാനസികവ്യഥ അളക്കേണ്ട ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനാണെന്ന് ഹരീഷ് പറഞ്ഞു. എന്നാല്‍ ഇത് തെറ്റാണെന്നും മാനസികവ്യഥ ഉണ്ടാകുന്ന ആളിന്റെ പരാതി മാത്രമാണ് കേസെടുക്കാന്‍ ഉള്ള മാനദണ്ഡമെന്നും അതിന് അന്വേഷണ ഉദ്യോഗസ്ഥന്റെ കയ്യില്‍ ‘തീവ്രത അളക്കാനുള്ള യന്ത്രം’ ഒന്നും വേണ്ടെന്നും ഞാന്‍ പറഞ്ഞത് കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. ആ ഭാഗം മൊത്തമായി കത്രിക കയറ്റി.
7. പരിപാടിയുടെ സദസ്സിനെ മൊത്തത്തില്‍ കത്രിക കയറ്റി പുറത്താക്കി. ഇടയ്ക്ക് അവരുടെ കയ്യടി കേള്‍ക്കാം. അത് അത്ര ഉച്ചത്തില്‍ ആയിരുന്നതിനാല്‍ ശബ്ദം മറ്റ് മൈക്കുകള്‍ പിടിച്ചെടുത്തതാവണം.
8. അവസാനമായി, പരിപാടിയുടെ വിധിന്യായത്തില്‍ പോലും കത്രിക കയറ്റി. ഹരീഷ് പറയുന്ന ആശങ്കകള്‍ വിവരിച്ച ശേഷം ജഡ്ജ് എന്റെ വാദത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിരുന്നു. അതായത്, ‘ഹരീഷ് പങ്കുവെച്ചതു പോലെയുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പൗരത്വത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഒരാശങ്കയും വേണ്ടെന്നുമാണ് ശ്രീജിത് പണിക്കര്‍ പറഞ്ഞത്’ എന്ന് അദ്ദേഹം പറഞ്ഞ ഭാഗത്തില്‍ മൊത്തമായി കത്രിക കയറ്റി.
ഇത്രയൊക്കെ കത്രിക കയറി ഇറങ്ങിയിട്ടും എന്റെ വാദങ്ങള്‍ ശക്തി കുറയാതെ സംപ്രേഷണം ചെയ്ത ചാനലിനു നന്ദി. അഭയാര്‍ത്ഥികള്‍ക്ക് ആര്‍ക്കും രേഖകള്‍ ഇല്ലെന്ന വാദത്തില്‍ നിന്നും രേഖകള്‍ ഉണ്ടെന്ന സമ്മത്തിലേക്കും, ആര്‍ക്കും പൗരത്വം കിട്ടില്ലെന്ന വാദത്തില്‍ നിന്നും പൗരത്വത്തിനു ക്യൂ നില്‍ക്കേണ്ടി വരുമെന്ന വാദത്തിലേക്കും, പാകിസ്ഥാനില്‍ മതപീഡനം ഇല്ലെന്ന വാദത്തില്‍ നിന്നും അതുണ്ടെന്ന സമ്മത്തിലേക്കും, യുഎന്‍ രേഖകള്‍ ഇല്ലെന്ന വാദത്തില്‍ നിന്നും അതുണ്ടെന്ന സമ്മത്തിലേക്കും ഒക്കെ സഹസംവാദകരെ എത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം. ഞാന്‍ പീഡിത ന്യൂനപക്ഷത്തെ സ്‌നേഹിക്കുന്നതിന്റെ ആയിരം ഇരട്ടി അവര്‍ യുക്തിവാദികളെ സ്‌നേഹിക്കുന്നു എന്നറിഞ്ഞതിലും സന്തോഷം.
പരിപാടിയില്‍ ഈ രീതിയില്‍ കത്രിക കയറ്റിയതിന് ചാനലിനെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. സ്ഥിരം എഡിറ്ററെ കിട്ടാത്തതു കൊണ്ട് ഒരുപക്ഷെ ഇത് എഡിറ്റ് ചെയ്യാന്‍ ഏതെങ്കിലും ബാര്‍ബറെ ഏല്‍പ്പിച്ചതും ആവാം. പലയിടത്തും സംഗതി വെട്ടി വെടിപ്പാക്കി നല്ല മൊട്ടത്തല പോലെ ക്ലീന്‍ ആക്കാനുള്ള ശ്രമം നടന്നതായി മുകളിലെ വിവരണത്തില്‍ നിന്നും മനസ്സിലാകുമല്ലോ.
പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത പൂര്‍ണ്ണരൂപം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യാന്‍ തയ്യാറുണ്ടോ എന്ന് മറ്റൊരു ചോദ്യം ചോദിച്ച് ചാനലിനെ ബുദ്ധിമുട്ടിക്കുന്നില്ല. കാരണം, പരിപാടിയുടെ ജഡ്ജ്‌മെന്റ് പോലും എഡിറ്റ് ചെയ്ത് ഒളിച്ചോടിയ അവര്‍ പക്ഷപാതം കാണിച്ചു കഴിഞ്ഞല്ലോ. ഒരു കാര്യം എങ്കിലും അവര്‍ മനസ്സിലാക്കിയാല്‍ നന്നായേനേ—’മാധ്യമധര്‍മ്മം’ എന്ന വാക്കില്‍ ഒരു ‘മാ’ മാത്രമേ ഉള്ളൂവെന്ന്.
https://www.facebook.com/photo.php?fbid=2780098258676898&set=a.345679425452139&type=3&theater













Discussion about this post