ദാസ് നിഖില്‍
സ്വതന്ത്ര ചിന്തകര്‍ തങ്ങളുടെ കപട നിഷ്പക്ഷ രാഷ്ട്രീയം വിട്ടു മത ചിന്തയുടെ ഭ്രാന്തന്‍ തലങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ലക്ഷണങ്ങള്‍ ഈയിടെയായി കാണുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിന്റെ അവതരണത്തോടു കൂടി പ്രകോപിതരായ മിതവാദികളും മതേതര ചിന്തകരും ബില്‍ നിയമമായതോടെ സമനില തെറ്റിയ അവസ്ഥയിലാണ്. നിഷ്പക്ഷതയുടെ ആട്ടിന്‍തോലിനുള്ളില്‍ ഒളിച്ചിരിക്കുന്ന സെമിറ്റിക് മതഭ്രാന്ത് സര്‍വ്വ നിയന്ത്രണവും വിട്ട് പുറത്തുചാടുന്നത് സൂക്ഷിച്ചു നോക്കിയാല്‍ കാണാനാവും. അത്തരമൊരു കാഴ്ച ഞാന്‍ നിങ്ങളെ കാണിക്കാം.
ലിബറല്‍ ചിന്താധാരകളില്‍ അധിഷ്ഠിതമായ മാധ്യമങ്ങളിലെ മലയാളി സാന്നിധ്യമാണ് ‘കൗണ്ടര്‍ കറന്റ്‌സ’് എന്ന വെബ്‌സൈറ്റ്. ദക്ഷിണേഷ്യയുടെ ശബ്ദം എന്ന് അവകാശപ്പെട്ടിരുന്ന ഈ വെബ്‌സൈറ്റില്‍ ഈ ജനുവരി 9ന് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതിന്റെ ആശയ പരിഭാഷ്യം താഴെ കൊടുക്കുന്നു.
‘ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍, ആര്‍ട്ടിക്കിള്‍ 370, അയോധ്യ വിധി, ഇപ്പോഴിതാ തിന്മക്ക് പിറന്ന ഇരട്ടക്കുട്ടികളെപ്പോലെ NRC, CAA. ഈ വ്യക്തമായ മത ധ്രുവീകരണത്തിന്റെ പ്രയാണം, ഒളിഞ്ഞു തെളിഞ്ഞു നേടിയെടുക്കാനുള്ള ലക്ഷ്യമായ ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കിത്തന്നെയാണ്. അതിനു മാര്‍ഗതടസ്സം സൃഷ്ടിക്കുന്ന യാതൊന്നിനെയും അവര്‍ ബാക്കി വയ്ക്കില്ല.ആര്‍ട്ടിക്കിള്‍ 14, 21, 25 എന്നിവ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ബാധകമാണെന്നാണ് അതിന്റെ ധാര്‍മികമായ അര്‍ത്ഥം.ഇഷ്ടമുള്ള മതം പ്രചരിപ്പിക്കാനും, പിന്തുടരാനുമുള്ള അവകാശം ഇതില്‍ ഉള്‍പ്പെട്ടതാണ്.
‘ഹിന്ദുവും മുസല്‍മാനും ഒന്നാണ്’ എന്ന മുദ്രാവാക്യം കേള്‍ക്കുന്നത് കര്‍ണാനന്ദകരമാണ്. പക്ഷേ എനിക്ക് ഹിന്ദുക്കളോടും, ഹിന്ദു മാതാപിതാക്കള്‍ക്ക് പിറന്ന നിരീശ്വരവാദികളായവരോടും ചോദിക്കാനുള്ളത് എന്താണെന്നാല്‍, നിങ്ങള്‍ വിളിക്കുന്ന മുദ്രാവാക്യങ്ങളില്‍ വല്ല കാമ്പുമുണ്ടോ? ഈ സങ്കല്പം, നിങ്ങളില്‍ ആഴത്തില്‍ വേരോടിയിട്ടുണ്ടോ..? കാര്യം മുസ്ലീങ്ങളോട് അനുഭവം പ്രകടിപ്പിക്കുന്നതും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമെല്ലാം നല്ലതു തന്നെ. പക്ഷേ നമ്മള്‍ക്ക് അത് മതിയോ?
ഞാന്‍ ഇനി പറയാന്‍ പോകുന്നത് സൂക്ഷ്മ സംവേദനക്ഷമമായൊരു കാര്യമാണ്.പക്ഷേ, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടമാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. അവരില്‍ നിന്നും അവളെ രക്ഷിക്കാന്‍, സത്യസന്ധമായി പറഞ്ഞാല്‍ ഇതിലും ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല.
നിയമലംഘന പ്രസ്ഥാനങ്ങളും, രേഖകള്‍ സമര്‍പ്പിക്കാന്‍ വിസമ്മതിക്കലുമെല്ലാം നല്ലത് തന്നെ, തീര്‍ച്ചയായും സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു മനുഷ്യന്‍ ഈ പ്രതിഷേധ പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ മടിക്കുകയും അരുത്. ഉറപ്പായും അറസ്റ്റുകള്‍ ഉണ്ടാവും, ക്രൂര മര്‍ദനങ്ങളുണ്ടാവും,നിങ്ങള്‍ ഡിറ്റെന്‍ഷന്‍ സെന്ററുകളിലടയ്ക്കപ്പെടും, പക്ഷേ മുസ്ലിം സഹോദരന്മാര്‍ക്ക് വേണ്ടി ഹിന്ദുക്കള്‍ അതെല്ലാം സന്തോഷപൂര്‍വ്വം ഏറ്റുവാങ്ങും.പക്ഷേ, യാഥാര്‍ത്ഥ്യമെന്താണെന്നാല്‍, അതുകൊണ്ടൊന്നും ഈ രാജ്യത്തുള്ള ഹൈന്ദവ ആധിപത്യത്തിന് യാതൊരു കോട്ടവും സംഭവിക്കാന്‍ പോകുന്നില്ല.
അതാണ് ,അതാണ് തകര്‍ക്കപ്പെടേണ്ടത്.
ഇത് നടപ്പിലാവാന്‍, ഹിന്ദുമതം പിന്തുടരുന്ന, ഹിന്ദു കുടുംബത്തില്‍ ജനിച്ച നിരീശ്വരവാദികളായ എന്റെ എല്ലാ സുഹൃത്തുക്കളോടും ഇസ്ലാമിലേക്ക് മതം മാറാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. പ്രത്യക്ഷത്തില്‍ രാഷ്ട്രീയപരമായ ഒരു പ്രചോദനമാണിതെന്നു തോന്നാം.പക്ഷേ, നിങ്ങള്‍ ഇസ്ലാമിലേക്ക് മതം മാറുന്നതോടു കൂടി
ഹിന്ദുത്വത്തിന്റെ മുഖത്താഞ്ഞടിക്കുകയാണ് ചെയ്യുന്നത്.അങ്ങനെയാലോചിക്കുമ്പോള്‍ ഇക്കാര്യം പരിഗണനാര്‍ഹമല്ലേ.?
ഇതൊരു പ്രകോപനപരമായ വര്‍ഗീയത വിളമ്പുന്ന ആഹ്വാനമാണെന്ന് ചിലര്‍ പറഞ്ഞേക്കാം.അവരോട് ഞാന്‍ ചോദിക്കുന്നു, ഹിന്ദുക്കള്‍ ചെയ്യുന്നത് മാത്രമേ ഇതിലും ചെയ്യുന്നുള്ളൂ.നാനാ വിഭാഗങ്ങളില്‍പ്പെട്ട ജനക്കൂട്ടമാണ് കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗ്ഗീയവല്‍ക്കരണത്തെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നിരിക്കുന്നത്. അങ്ങനെയുള്ളപ്പോള്‍, ഭൂരിപക്ഷമായ ഹിന്ദു സമുദായത്തില്‍പ്പെട്ട അംഗങ്ങളെന്ന നിലയ്ക്ക്, നമ്മളില്‍ പെട്ട ഹിന്ദു മതവിശ്വാസികള്‍ക്ക് ഈയൊരു ചുവട് അധികം മുന്നോട്ട് വയ്ക്കാനുള്ള ബാധ്യതയില്ലേ.?.നമ്മള്‍ ഇപ്പോള്‍ തിരമാലപോലെ കുതിച്ചുയരേണ്ട സമയമാണ്. നമ്മള്‍ മതം മാറിയതുകൊണ്ട് നമ്മള്‍ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ള യാതൊരു സൗകര്യവും ഉപേക്ഷിക്കേണ്ടി വരില്ല.ഹിന്ദുമതവും ഹൈന്ദവ മൂല്യങ്ങളും പിന്തുടര്‍ന്നു കൊണ്ട് ഹിന്ദുത്വത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടു കാര്യമില്ല.അത് ന്യായവുമല്ല.മറുചേരിയില്‍ ചേര്‍ന്നാല്‍ മാത്രമേ, വേര്‍പിരിയുക എന്നത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാവൂ.
ഹിന്ദുവാണെന്ന പരമോന്നത പദവി ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ചുകൊണ്ട്, ഇസ്ലാം പിന്തുടരുന്നവരെ രണ്ടാംതരമായി കണക്കാക്കുന്ന ഈ സര്‍ക്കാരിനെ നമ്മള്‍ക്ക് ഒറ്റക്കെട്ടായി എതിര്‍ത്തു കൂടെ?
……….. ……… ……… …………. ………
നിഷ്പക്ഷതയിലൂടെ തുടങ്ങി മാനവികതയില്‍ മുങ്ങി നിവര്‍ന്ന് മതമൗലിക വാദത്തില്‍ അവസാനിക്കുന്ന ഈയൊരു ലേഖനം തീര്‍ച്ചയായും ആയിരക്കണക്കിന് മൗലികവാദികള്‍ക്കേ ജന്മം കൊടുക്കൂ. പ്രത്യക്ഷത്തില്‍ നിരുപദ്രവകരമാണെന്ന് തോന്നുമെങ്കിലും ദേശീയതയുടെയും പ്രാദേശിക സംസ്‌കാരങ്ങളുടെയും അടിവേരു തോണ്ടാനുള്ള പ്രഹരശേഷി നിശബ്ദമായി കുത്തി വയ്ക്കപ്പെടുന്ന ഇത്തരം വിഷം കലര്‍ന്ന ലേഖനങ്ങളിലുണ്ട്.
പൗരത്വ ബില്ലിനെതിരെ ഉള്ള പ്രക്ഷോഭങ്ങള്‍ ജാതി, മത,സാമൂഹ്യ, രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയിലെ സകല രാജ്യവിരുദ്ധ ശക്തികളെയും, മതമൗലിക വാദികളെയും, വിഘടനവാദികളെയുമെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വന്നിരിക്കുന്നു. പൗരത്വനിയമം കൊണ്ട് ഇന്ത്യയിലെ മുസല്‍മാന്‍മാര്‍ക്ക് യാതൊരുവിധ ഉപദ്രവവുമില്ലെന്ന് മറ്റാരെക്കാളും നന്നായി അവര്‍ക്കറിയാം.പക്ഷേ,ആ തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടായാല്‍, അവരുടെ പല രഹസ്യ അജണ്ടകളും ദിവാസ്വപ്നം മാത്രമായവശേഷിക്കും.
അതുകൊണ്ടു തന്നെ, സത്യം തിരിച്ചറിഞ്ഞ ഇന്ത്യന്‍ മുസല്‍മാന്മാര്‍ രാഷ്ട്രത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നത് തടയാന്‍ അവര്‍ എത്ര നിന്ദ്യമായ മാര്‍ഗവും ഉപയോഗിക്കും.പുതുവര്‍ഷം തുടങ്ങി ആദ്യ പത്ത് ദിവസം തികയുന്നതിനു മുന്നേ, ഭാരതത്തില്‍ പലയിടത്തു നിന്നും പിടിയിലായ ഇരുപതോളം തീവ്രവാദികള്‍ ആ നടുക്കുന്ന സത്യം നമ്മളോട് വിളിച്ചു പറയുന്നുണ്ട്.
ചുരുങ്ങിയ ചില മൗലികവാദികള്‍ കാണിക്കുന്നതിന് രാഷ്ട്ര സ്‌നേഹികളായ സകല പുരുഷന്‍മാരുടെയും അന്തസത്ത ചോദ്യം ചെയ്യപ്പെടും എന്ന് മനസ്സിലാക്കിയ ചില ദേശീയ വാദികളായ മുസല്‍മാന്മാര്‍ ‘ രാജ്യദ്രോഹത്തിന് ഞങ്ങളുടെയോ ഞങ്ങളുടെ വിശ്വാസത്തിന്റെ നാമമോ ഉപയോഗിക്കരുത്’ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
‘ഇന്ത്യയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം മതേതരത്വത്തിന് മരണമില്ല. മറ്റേതെങ്കിലും മതം 50% കടന്നാല്‍ ഇന്ത്യ മത രാഷ്ട്രമാകും’ എന്ന് പരസ്യമായി പറയാന്‍ ധൈര്യം കാണിച്ച അബ്ദുള്ളകുട്ടി, രാഷ്ട്ര താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ശിരസ്സുയര്‍ത്തി പ്രഖ്യാപിച്ച ഗവര്‍ണര്‍ ആരിഫ് ഖാന്‍ എന്നിവര്‍ ഇതിന്റെ മകുടോദാഹരണങ്ങളാണ്.
ഹിന്ദു മാതാപിതാക്കള്‍ക്കു ജനിച്ച നിരീശ്വരവാദികളായ മക്കളോടെല്ലാം ഇസ്ലാം സ്വീകരിക്കാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍, ഭാരതത്തില്‍ ഇതുവരെ സിക്കുകാര്‍ക്കും, ബുദ്ധമതക്കാര്‍ക്കും, ജൈനമതക്കാര്‍ക്കും, ഇസ്ലാമിനും, ക്രിസ്ത്യന്‍സിനും നിരീശ്വരവാദികളായ മക്കള്‍ പിറന്നിട്ടില്ലേ?
അതോ ഹൈന്ദവ ഗര്‍ഭപാത്രങ്ങളില്‍ മാത്രമേ അവര്‍ പിറക്കൂ എന്നുണ്ടോ?
നിലവില്‍, ഇസ്ലാമിലേക്ക് മാറി മതേതരത്വം തെളിയിക്കേണ്ട ഗതികേട് ഭാരതത്തില്‍ ഒരു ഹിന്ദുവിനുമില്ല. മതേതരത്വം ഹിന്ദുവിന്റെ മാത്രം ഉത്തരവാദിത്വവുമല്ല.
ശരിയാണ്..
ഇഷ്ടമുള്ള മതം പഠിക്കാനും, പിന്തുടരാനും, പ്രചരിപ്പിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന കൊടുക്കുന്നുണ്ട്.ഒരാള്‍ ഹിന്ദുവായതു കൊണ്ട് ആയില്ല.
അയാള്‍ പ്രചരിപ്പിക്കുന്ന മതം ഏതാണ് എന്നുള്ളതാണ് വിഷയം.
രാഷ്ട്രത്തെ സ്‌നേഹിക്കാനും ബഹുമാനിക്കാനും ഭരണഘടന നമ്മളോട് ആവശ്യപ്പെടുന്നുണ്ട്.
ഒരുപാടുപേര്‍ രാഷ്ട്രത്തെ നെഞ്ചിലേറ്റി നടക്കുന്നുമുണ്ട്..
പക്ഷേ,ആ രാഷ്ട്രമേതാണ് എന്നുള്ളതാണ് വിഷയം.
Discussion about this post