മുംബൈ: മഹാരാഷ്ട്രയിലെ 56 ശിവസേന എം എൽ എമാരിൽ 35 പേരും കോൺഗ്രസ്സ്- എൻ സി പി സഖ്യത്തിൽ അസംതൃപ്തരാണെന്ന് ബിജെപി എം പി നാരായൺ റാണെ. ആശയപരമായി വ്യത്യസ്തമായ ധ്രുവങ്ങളിൽ നിൽക്കുന്ന പാർട്ടികൾ രൂപീകരിക്കുന്ന സഖ്യങ്ങൾക്ക് അധികകാലം ആയുസ്സുണ്ടാകില്ലെന്നതാണ് ചരിത്രമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാർ നിർജ്ജീവമാണെന്നും അവർക്ക് ഭരണപരാജയം സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും റാണെ പറഞ്ഞു. കോൺഗ്രസ്സ് നേതാവും മഹാരാഷ്ട്ര റവന്യൂ മന്ത്രിയുമായ ബാലാസാഹിബ് തൊറാട്ട് ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അബ്ദുൾ സത്താർ എം എൽ എയും സമാന അഭിപ്രായക്കാരനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിക്ക് 105 എം എൽ എമാർ ഉള്ളിടത്ത് ശിവസേനക്ക് 56 പേരാണ് ഉള്ളത്. അതിൽ തന്നെ 35 പേർ അസംതൃപ്തരാണ്. അവർ സർക്കാർ രൂപീകരിക്കാൻ അഞ്ചാഴ്ചയാണ് സമയമെടുത്തത്. ഇത്തരമൊരു സർക്കാരിൽ നിന്ന് ജനങ്ങൾ എന്ത് പ്രതീക്ഷിക്കാനാണ്? കർഷകരുടെ കടം എഴുതി തള്ളിയത് തട്ടിപ്പാണ്. എന്ന് അത് നടപ്പിലാകുമെന്ന് സർക്കാർ പറയുന്നില്ല. എന്നാൽ ബിജെപി സംസ്ഥാനത്തെ ജനങ്ങളോട് പ്രതിബദ്ധതയുള്ള പ്രസ്ഥാനമാണ്. അവർ ഏത് നിമിഷവും അധികാരത്തിലേക്ക് തിരിച്ചെത്തിയേക്കാം. നാരായൺ റാണെ പറയുന്നു.
അതേസമയം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയുമായി ബിജെപി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചില്ല.
Discussion about this post