പൂനെ: ‘പബ്-ജി‘കളിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് 27കാരൻ മരിച്ചു. പൂനെ സ്വദേശിയായ ഹർഷൽ ദേവിദാസാണ് മരിച്ചത്.
ഹർഷൽ പബ്-ജി മൊബൈൽ ഗെയിമിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമാസക്തമായ നിരവധി ഘട്ടങ്ങൾ നിറഞ്ഞ ഗെയിം കളിക്കുന്നതിനിടെ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി വൈ സി എം ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു.
ഗെയിം കളിക്കുന്നതിനിടെ ആവേശഭരിതനായ യുവാവിന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി രക്തപ്രവാഹം അസ്വാഭാവികമായതാണ് ഹൃദയാഘാതം സംഭവിക്കാൻ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. യുവാവിന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടായതായും കോശങ്ങൾക്ക് നാശം സംഭവിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
കർഷകരായ മാതാപിതാക്കളെ ജോലിയിൽ സഹായിച്ചു വരികയായിരുന്നു ഹർഷൽ. ഇദ്ദേഹത്തിന് ഒരു സഹോദരിയുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ഹർഷൽ പബ് ജി മൊബൈൽ ഗെയിമിന് അടിമയായിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post