ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരിലുള്ള എന്‍ജിനിയറിങ് കോളജിന്റെ പേര് മാറ്റി എസ്‌എന്‍ഡിപി മാവേലിക്കര യൂണിയന്‍ മുന്‍ പ്രസിഡന്റ് സുഭാഷ് വാസു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നീക്കം.
കായംകുളത്തുള്ള ശ്രീ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനിയറിങ്ങിന് മഹാഗുരു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നാണ് പുനര്‍നാമകരണം ചെയ്തത്. വെള്ളാപ്പള്ളിക്ക് എതിരെ സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഗോകുലം ഗോപാലനെ കോളേജിന്റെ ചെയര്‍മാനാക്കി. സുഭാഷ് വാസുവിന് ഭൂരിപക്ഷമുള്ള ഡയറക്ടര്‍ ബോര്‍ഡ് ആണ് കോളേജിന്റേത്. അഞ്ച് കോടിയോളമാണ് ഗോകുലം ഗോപാലന്‍ കോളേജിന്റെ ട്രസ്റ്റിനുവേണ്ടി നിക്ഷേപിച്ചിരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു ഇതുവരെ കോളേജിന്റെ ചെയര്‍മാന്‍.
കോളേജിലെ നിയമനങ്ങളിലും നടത്തിപ്പിലും ബാങ്ക് ഇടപാടുകളിലും വന്‍ സാമ്പത്തിക തിരിമറി നടന്നുവെന്ന ആരോപണം തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുഷാറിനെയും മറ്റൊരു അംഗത്തെയും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്.
അതേസമയം സുഭാഷ് വാസുവും ടി പി സെന്‍കുമാറും അടക്കമുള്ളവരുടെ നടപടികള്‍ക്ക് തന്റെ പിന്തുണയുണ്ടാകുമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.
Discussion about this post