ബംഗളൂരു: കാസര്‍ഗോഡ് ചൗക്കി സ്വദേശിനിയെ പീഡിപ്പിച്ചെന്ന കേസ് സിഐഡിക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍. തന്നെ പീഡിപ്പിച്ചതിന് പുറമെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്നും ചൂണ്ടിക്കാട്ടി യുവതി കാമുകനും ബംഗളൂരു സ്വദേശികളായ രണ്ടുപേര്‍ക്കുമെതിരെ നല്കിയ പരാതിയില്‍ കഴിഞ്ഞ ജനുവരി അഞ്ചിന് ബംഗളൂരു പരപ്പന അഗ്രഹാര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സി.ഐ.ഡിക്ക് കൈമാറിയത്.
കേസില്‍ അനേഷണം ആരംഭിച്ചതായി സി.ഐ.ഡി വിഭാഗം തലവന്‍ ഡി.സി.പി പ്രവീണ്‍ സൂദ് പറഞ്ഞു.
കേസ് സി.ഐ.ഡിക്ക് കൈമാറിയതിന് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിനെ അഭിനന്ദിച്ച് ശോഭ കരന്ത്ലാജെ എം.പി ട്വീറ്റ് ചെയ്തു. പ്രണയത്തിന്റെ പേരില്‍ അമുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയും ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും കര്‍ണാടക പൊലീസ് ഈ കേസ് തെളിയിച്ച് ജിഹാദി പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്നും കരന്ത്ലാജെ പറഞ്ഞു.
പരപ്പന അഗ്രഹാര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ യുവതിക്കും കാമുകനായ പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി റിഷാബി(24)നും താമസ സൗകര്യമൊരുക്കിയ ബംഗളൂരു ഇലക്ട്രോണിക് സിറ്റി മുനിറെഡ്ഡി ലേഔട്ട് സ്വദേശി അന്‍സാരി (28)യെ പൊലീസ് ഈ മാസം ആദ്യത്തില്‍ അറസ്റ്റുചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു. അന്‍സാരിയുടെ കടയിലെ ജീവനക്കാരനായിരുന്നു റിഷാബ്.
അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാസര്‍കോട് പൊലീസില്‍ നല്കിയ പരാതിയില്‍ റിഷാബിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കാസര്‍ഗോഡ് ജയിലില്‍ റിമാന്‍ഡിലാണ്. ഇതിനിടെയാണ് ഉഡുപ്പി-ചികമഗളൂരു എം.പി ശോഭ കരന്ത്ലാജെക്കൊപ്പം യുവതി കര്‍ണാടക മുഖ്യമന്ത്രിയെയും ബംഗളൂരു സിറ്റി പൊലീസ് കമീഷണറെയും കണ്ട് പരാതി നല്‍കിയത്.
Discussion about this post