ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിന് പടച്ചതമ്പുരാന് പോലും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. വ്യാജ വാര്‍ത്തകള്‍ വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് പടച്ചോനു പോലും ക്ഷമിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ജന ജാഗരണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പൗരത്വ ഭേദഗതിക്ക് അനുകൂലമായി നടന്ന ജന ജാഗ്രതാ മഹാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലൊരു നേതാവില്ലാത്തതിന്റെ അഭാവമാണ് മുസ്ലിം സമുദായം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. അതുകൊണ്ടാണ് സി.പി.എമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മത തീവ്രവാദ സംഘടനകളുടെയും താളത്തിനൊത്ത് മുസ്ലിം സമുദായത്തെ വലിച്ചിഴയ്ക്കുന്നത്. ആദ്യം കോണ്‍ഗ്രസ്സും – സി.പി.എമ്മും അംഗീകരിച്ച വസ്തുത ഇപ്പോള്‍ തള്ളി പറയുന്നത് ന്യൂനപക്ഷങ്ങളെ വോട്ടുബാങ്ക് ആയി കണ്ടതുകൊണ്ടു മാത്രമാണ്, അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.എം.എസ് നമ്പൂതിരിപ്പാട് പൂവിട്ടു വാഴ്ത്തിപ്പറഞ്ഞ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെയാണ് പിണറായി വിജയന് എതിര്‍ക്കുന്നത്. ശബരിമലയിലെ ഹിന്ദുവികാരം കാണാതെപോയ പിണറായിക്ക് ഇതൊന്നും മനസിലാകില്ല. ഹിന്ദു സംസ്കാരം നിലനില്‍ക്കുന്നിടത്തോളം കാലം മതേതരത്വത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ല എന്നും, എന്ന് മറ്റൊരു മതം ഭൂരിപക്ഷമാകുന്നുവോ അന്ന് ഇന്ത്യ മതരാഷ്ട്രമായി മാറുമെന്നും , അതാണ് ലോകചരിത്രമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post