മംഗളൂരു: പാകിസ്ഥാനുമായി ഭാവിയില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് രാജ്നാഥ് സിങ്ങിന്റെ പരാമര്‍ശം.
ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രാധാന്യത്തെ കുറിച്ചും രാജ്നാഥ് സിങ് വേദിയില്‍ പ്രസ്താവന നടത്തി. ഓരോ രാജ്യത്തിനും നിയമപരമായ എത്ര പൗരന്‍മാരുണ്ട്, അനധികൃത കുടിയേറ്റക്കാര്‍ എത്രയുണ്ട് എന്ന കണക്ക് വേണമെന്നും ഇതിന് ദേശീയ പൗരത്വ രജിസ്റ്റര്‍ സഹായിക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഒരു മതത്തിനും എന്‍.ആര്‍.സി പ്രശ്നമുണ്ടാക്കില്ല. എന്നാല്‍, സര്‍ക്കാറിനെ ബുദ്ധിമുട്ടിക്കാനാണ് ആരുടെയെങ്കിലും ശ്രമമെങ്കില്‍ അവരോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനാണ് സി.എ.എയെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് മഹാത്മഗാന്ധി നെഹ്റുവിനോട് ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയുടെ ഈ സ്വപ്നമാണ് മോദി ഇപ്പോള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
Discussion about this post