കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ കൊലക്കേസ് പ്രതി ബന്ദികളാക്കിയ കുട്ടികളെ മോചിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 10 ലക്ഷം രൂപയുടെ പുരസ്കാരം ആണ് പ്രഖ്യാപിച്ചത്.
അതേസമയം അക്രമിയുടെ ഭാര്യയെ നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അക്രമിയെ നേരത്തെ പൊലീസുകാര്‍ വെടിവച്ച് കൊല്ലുകയും ഇയാളുടെ തടവിലായിരുന്ന കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് നാട്ടുകാര്‍ ഇയാളുടെ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയത്. നാട്ടുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇവര്‍ മരണപെട്ടതായി കാണ്‍പൂര്‍ ഐ.ജി മോഹിത് അഗര്‍വാള്‍ അറിയിക്കുകയായിരുന്നു.
സുഭാഷ് ബദാം എന്നയാളാണ് ഇരുപതോളം വരുന്ന കുട്ടികളെ തന്റെ വീടിനുള്ളില്‍ ബന്ദികളാക്കിയത്. ഇക്കൂട്ടത്തില്‍ ഇയാളുടെ ഭാര്യയും ഒരു വയസ് മാത്രം പ്രായമുള്ള മകളും കൂടി ബന്ദികളാക്കപ്പെട്ടിരുന്നു. കൊലക്കേസ് പ്രതിയായ സുഭാഷ് ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമായിരുന്നു ഇങ്ങനെയൊരു കൃത്യം നടത്തിയത്. മകളുടെ ജന്മദിനാഘോഷം നടക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സുഭാഷ് കൂട്ടികളെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയത്. കുട്ടികള്‍ വീടിനകത്ത് എത്തിയപ്പോള്‍ ഇയാള്‍ തോക്ക് ചൂണ്ടിക്കൊണ്ട് അവരെ തടവില്‍ വയ്ക്കുകയായിരുന്നു. കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു ഏതാനും അയല്‍ക്കാര്‍ ഇയാളുടെ വീട്ടുവാതിലില്‍ മുട്ടിയതോടെയാണ് സത്യാവസ്ഥ മനസിലാകുന്നത്.
ശേഷം, ഇവര്‍ പൊലീസിനെ വിവരം അറിയിക്കുന്നത്. സുഭാഷുമായി അനുനയ നീക്കം നടത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും അത് വിജയമായില്ല. തുടര്‍ന്നാണ് ഭീകര വിരുദ്ധ സ്ക്വാഡും പൊലീസും ചേര്‍ന്ന് സുഭാഷിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കൂട്ടികളെ രക്ഷപ്പെടുത്തിയത്.
Discussion about this post