ഡൽഹി: കൊറോണ ബാധിതമായ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നുള്ള യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത് എയർ ഇന്ത്യ വിമാനം ഡൽഹിയിലെത്തി. വിമാനത്തിൽ 323 ഇന്ത്യക്കാരും 7 മാലിദ്വീപ് സ്വദേശികളുമാണ് ഉള്ളത്.
ഇന്ത്യൻ സമയം പുലർച്ചെ 3.10നായിരുന്നു വിമാനം വുഹാനിൽ നിന്നും യാത്ര തിരിച്ചത്. വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള ആദ്യ വിമാനം ശനിയാഴ്ച ഡൽഹിയിൽ എത്തിയിരുന്നു.
അതേസമയം കൊറോണ ബാധിച്ച് ചൈനയിൽ ഇതിനോടകം മരിച്ചവരുടെ എണ്ണം 300 കടന്നു. ചികിത്സയിൽ ഉള്ളവരുടെ എണ്ണം പതിനാലായിരത്തിലേറെയായി. ഇവരിൽ പലരുടേയും നില മോശമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഇന്നലെ മാത്രം 50ൽ ഏറെ മരണങ്ങളുണ്ടായതായി അന്തരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തിലെ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിക്കുകയും ഋഷികേശിൽ കൊറോണ ബാധ സംശയിക്കുന്ന യുവതി നിരീക്ഷണത്തിൽ ഇരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.
Discussion about this post