ശ്രീനഗര്‍: കശ്മീരിൽ ഭീകരർക്കൊപ്പം യാത്ര ചെയ്യവെ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലും ഓഫീസിലും എന്‍ഐഎ റെയ്ഡ്. കശ്മീര്‍ താഴ്‌വാരയിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഞായറാഴ്ച രാവിലെ ദേശീയ അന്വേഷണ ഏജന്‍സിയും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. തെക്കന്‍ കശ്മീരിലെ വിവിധ ഭാഗങ്ങളിലായി സംഘങ്ങളായി തിരിഞ്ഞ് ദേവീന്ദറിന്റെ സ്വകാര്യ ഓഫിസിലും വീട്ടിലുമായാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ജനുവരി 11-ാം തീയതിയാണ് തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മിര്‍ ബസാറില്‍ നിന്നും ദേവീന്ദര്‍ സിംഗിനേയും രണ്ട് ഹിസ്ബുള്‍ ഭീകരരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് പോലീസ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ 47 റൈഫിളുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.
ഭീകരരെ അമൃത്സറില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 12 ലക്ഷം രൂപയാണ് ഇതിനുള്ള പ്രതിഫലമെന്നാണു റിപ്പോര്‍ട്ട്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി.
Discussion about this post