കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐയെപ്പോലുള്ളവര് നുഴഞ്ഞുകയറുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി എസ്.ഡി.പി.ഐ രംഗത്ത്. മുസ്ലിം സമുദായം പിണറായി വിജയന്റെ കെണിയില്‍ വീണുവെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്. മുസ്ലീം സമുദായത്തിന്റെ സംരക്ഷകര്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.
ശബരിമല വിഷയത്തില്‍ നവോത്ഥാന നായകനാവാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഇവിടെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകനാകാന്‍ താന്‍ മാത്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തുകയാണ്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പൗരത്വ ഭേദഗതി വിഷയത്തില്‍ അക്രമസമരം നടത്തി അറസ്റ്റ് ചെയ്യപ്പെട്ട ഏതെങ്കിലും എസ്.ഡി.പി.ഐക്കാരനെ കാണിച്ചുതരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും പി. അബ്ദുള്‍ ഹമീദ് പറഞ്ഞു.
എവിടെയാണ് എസ്ഡിപിഐ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായതെന്നും എവിടെയാണ് നുഴഞ്ഞുകയറിയതെന്നും വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. എസ്.ഡി.പി.ഐയുടെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കുന്നുവെന്ന് കണ്ടതില്‍ വിറളി പിടിച്ചിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ വിളിച്ചുപറയുന്നതെന്നും അബ്ദുള്‍ ഹമീദ് പറയുന്നു.
പൗരത്വ വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി അക്രമം അഴിച്ച് വിട്ടാല്‍ വച്ച് പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിരുന്നു. മഹല്ല് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ എസ്ഡിപിഐ നുഴഞ്ഞ് കയറുന്നത് ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് എസ്.ഡി.പി.ഐ രംഗത്തുവന്നത്.
Discussion about this post