ഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 54.93 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ 4 തെരഞ്ഞെടുപ്പുകളേക്കാള്‍ കുറവാണ് ഇത്.
ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ പാർട്ടികളുടെ ക്യാംപുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. വോട്ടിങ് ശതമാനത്തിലെ ഇടിവ് ഏറെ വലച്ചത് കോൺഗ്രസ്സിനെയാണ്. ഈ തിരഞ്ഞെടുപ്പോടെ കോൺഗ്രസ്സ് തലസ്ഥാനത്ത് അപ്രസക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നു. പോളിംഗ് ശതമാനത്തിലെ ഇടിവ് ആം ആദ്മി പാർട്ടിക്കും തിരിച്ചടിയായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ വോട്ടിംഗ് ശതമാനത്തിലെ കുറവ് ബിജെപി ക്യാമ്പിൽ പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്.
ആം ആദ്മി പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കില്ലെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. വോട്ടിങ് ശതമാനം കുറഞ്ഞത് പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നേക്കുമെന്ന സൂചനകളാണ് നൽകുന്നത്. 55 ശതമാനത്തിൽ താഴെയാണ് പോളിംഗെങ്കിൽ തങ്ങൾക്കനുകൂലമാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഷഹീൻ ബാഗ് സമരം, ദില്ലി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ തുടങ്ങിയ വിഷയങ്ങൾ അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ദില്ലിയിൽ 30-32 ശതമാനം വരെയാണ് ബിജെപിയുടെ അടിസ്ഥാന വോട്ട്. ഇതിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വോട്ട് വർധവുണ്ടായാൽ ഡൽഹിയിൽ കാവിക്കൊടി പാറുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ആം ആദ്മി പാർട്ടിക്ക് മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിയുടെ ആത്മവിശ്വാസം ഉലയ്ക്കാത്തതും ഈ കണക്കുകളുടെ പശ്ചാത്തലത്തിലാണ്.
ഡൽഹിയിലെ 70 നിയമ സഭാ മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധന്‍, എസ് ജയശങ്കര്‍, ബിജെപി നേതാവ് എല്‍ കെ അദ്വാനി, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, മന്‍മോഹന്‍സിംഗ് തുടങ്ങിയവര്‍ വിവിധ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി. ഫെബ്രുവരി 11 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.
Discussion about this post