ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, തീവ്ര ഹിന്ദുത്വത്തിലേക്ക് നിലപാട് മാറ്റുന്നുവെന്ന് വിമർശകർ. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനുശേഷം, ഡൽഹിയിലെ പാർട്ടി ഓഫീസിൽ, ‘ഭാരത് മാതാ കീ ജയ്,വന്ദേമാതരം” എന്ന മുദ്രാവാക്യം മുഴക്കിയാണ് കെജ്രിവാൾ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. തന്നെയും ഡൽഹി നിവാസികളെയും ഹനുമാൻ സ്വാമി അനുഗ്രഹിച്ചിരിക്കുന്നു എന്നു പറഞ്ഞ്, ചുവന്ന ഗോപിക്കുറിയണിഞ്ഞു വോട്ട് ചെയ്യാൻ വന്ന കെജ്രിവാൾ ബൂത്തിൽ എത്തുന്നതിനു മുന്നേ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇലക്ഷൻ പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ, കെജ്രിവാൾ ഹനുമാൻ ചാലീസ ചൊല്ലിയത് വിവാദമായി. ഇതേതുടർന്ന്, “ഇന്ന് അരവിന്ദ് കെജ്രിവാൾ ചൊല്ലി, നാളെ ഒവൈസിയും ഹനുമാൻ ചാലിസ ചൊല്ലും” എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമർശിച്ചിരുന്നു. ഇതോടെയാണ്, അരവിന്ദ് കെജ്രിവാൾ തീവ്ര ഹിന്ദുത്വത്തിലേക്ക് ചുവടുമാറ്റുന്നുവോയെന്ന് വിമർശകർ സംശയമുയർത്തിയത്.
ഫലമറിഞ്ഞപ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ഡൽഹിയിലെ പ്രമുഖ ബിജെപി നേതാക്കളെല്ലാം തന്നെ അരവിന്ദ് കെജ്രിവാളിന്റെ ജയത്തിൽ അഭിനന്ദനമറിയിച്ചിരുന്നു. ഇന്ന് ജയപ്രഖ്യാപനത്തിനുശേഷം, കൊണാട്ട് പ്ലേസിലെ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുക കൂടി ചെയ്തതോടെ, കെജ്രിവാൾ മതനിഷ്പക്ഷതയുടെ മുഖം മൂടി വലിച്ചെറിയുന്നു എന്നാണ് ഡൽഹിയിലെ പിന്നാമ്പുറ സംസാരം.
Discussion about this post