മുതിർന്ന മാധ്യമപ്രവർത്തകനായ എം.എസ് മണി അന്തരിച്ചു.രോഗബാധിതനായ മണി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.തിരുവനന്തപുരത്ത് കുമാരപുരത്ത് ഉള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. പഴയകാല മാധ്യമ രംഗത്തെ കുലപതികളിൽ ഒരാളായിരുന്നു എം.എസ് മണി. മാധ്യമ രംഗത്തെ മികവിനുള്ള സംസ്ഥാന സർക്കാരിന്റെ കേസരി സ്വദേശാഭിമാനി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അംബേദ്കർ പുരസ്കാര ജേതാവ് കൂടിയായ അദ്ദേഹം കേരള കൗമുദി പത്രാധിപരായിരുന്ന കെ. സുകുമാരന്റെ മകനും, സ്ഥാപക പത്രാധിപർ സി.വി കുഞ്ഞിരാമന്റെ കൊച്ചു മകനുമാണ്. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.












