കൊല്ലം: കുളത്തൂപ്പുഴയില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ഭീകര വിരുദ്ധ സേന അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. വെടിയുണ്ടകള്‍ വിദേശത്ത് നിന്നു കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക, ഇസ്രയേല്‍, പാകിസ്ഥാന് എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഉണ്ടകളാണ് ഇവ. പിഒഎഫ് എന്നാണ് വെടിയുണ്ടകള്‍ക്ക് മേല്‍ എഴുതിയിരിക്കുന്നത്. ഇത് പാകിസ്ഥാന് ഓര്‍ഡിനന്‍സ് ഫാക്ടറി എന്നതിന്റെ ചുരുക്കപ്പേരാണോയെന്നാണ് സംശയമെന്ന് ബെഹ്റ വ്യക്തമാക്കി.
പാകിസ്ഥാന് നിര്മ്മിതമാകാമെന്ന സംശയം നേരത്തെ തന്നെ പോലീസ് പ്രകടിപ്പിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കായി വെടിയുണ്ടകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെയാണ് കുളത്തൂപ്പുഴയില്‍ മുപ്പതടി പാലത്തിന് താഴെ ഉപേക്ഷിക്കപ്പെട്ട നിലയിൽ 14 വെടിയുണ്ടകള്‍ കണ്ടെത്തിയത്.
Discussion about this post