ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. ഡല്‍ഹി പൊലീസ് പി.ആര്.ഒ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കലാപവുമായി ബന്ധപ്പെട്ട് ആകെ 18 കേസെടുത്തതായും 106 പേര് അറസ്റ്റിലായതായും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷ ബാധിത മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ദ്ധിപ്പിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു. അക്രമസംഭവങ്ങളില്‍ രണ്ട് കുറ്റവാളി സംഘങ്ങളും ഉത്തര്‍പ്രദേശിലെ അവരുടെ കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നു വിവരം. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നാസിര്‍, എതിരാളിയായ ഇര്ഫാന് ചെന്നു എന്നിവരുടെ സംഘത്തിലുള്ള പന്ത്രണ്ടോളം പേരുടെ സാന്നിദ്ധ്യം പൊലീസ് ഉദ്യോഗസ്ഥര്‍ അക്രമങ്ങള്‍ക്കിടെ കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്, കല്ലേറ്, വാഹനങ്ങള്‍ കത്തിക്കല്‍ തുടങ്ങിയവയ്ക്കിടെ ഇവര്‍ സുരക്ഷാ ക്യാമറകളിലും മറ്റും പതിഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്.
അക്രമം ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ച വാട്സാപ് ഗ്രൂപ്പുകളും നിരീക്ഷിച്ചുവരികയാണ്. പരിശോധനയില്‍നിന്നു രക്ഷപ്പെടുന്നതിനായി അക്രമികള്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും പഴയവ ഉപേക്ഷിച്ചുമാണു പ്രവര്‍ത്തിക്കുന്നത്. വീടുകളുടെ മുകള്‍ ഭാഗം, ബാല്‍ക്കണികള്‍ എന്നിവിടങ്ങളില്‍ സൂക്ഷിച്ച കല്ലുകളും നാടന്‍ ബോംബുകളും പൊലീസ് കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡല്‍ഹി പൊലീസ് വക്താവ് മന്ദീപ് രണ്‍ധാവ പറഞ്ഞു.
Discussion about this post