ഡൽഹി: ഡൽഹിയിലെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേജ്രിവാൾ സര്‍ക്കാര്‍. അക്രമ സംഭവങ്ങളില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും സർക്കാർ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
അക്രമത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ഭക്ഷണവും വിതരണം ചെയ്യും. ആക്രമണത്തില്‍ കൊല്ലപ്പെട്ട മുതിര്‍ന്നവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷവും പ്രായപൂര്ത്തിയാവാത്തരുടെ കുടുംബത്തിന് അഞ്ച് ലക്ഷവുമാണ് നഷ്ടപരിഹാരമായി ലഭിക്കുക.
കേജ്രിവാൾ സര്‍ക്കാരിന്റെ ഫാരിഷ്ടെ പദ്ധതിക്ക് കീഴിലാണ് പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ചികിത്സ ലഭ്യമാക്കുന്നത്. ഏത് സ്വകാര്യ ആശുപത്രിയിലും ഇതോടെ കലാപത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ തേടാന്‍ സാധിക്കും. കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 5000 രൂപയും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപയും ഇ- റിക്ഷകള്‍ക്ക് 50000 രൂപയും നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കും.
വടക്കുകിഴക്കന്‍ ഡൽഹിയില്‍ തിങ്കളാഴ്ച മുതലുണ്ടായ അക്രമ സംഭവങ്ങളില്‍ 35 പേരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതിനകം കേസുമായി ബന്ധപ്പെട്ട് 130 പേരാണ് അറസ്റ്റിലായിട്ടുള്ളതെന്നാണ് വിവരം. ഇവരില്‍ 106 പേരും പ്രദേശവാസികള്‍ തന്നെയാണ്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പുറത്തുനിന്നെത്തി അക്രമം നടത്തിയവരെ കണ്ടെത്താനുള്ള നീക്കം ആരംഭിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post