കൃഷ്ണപ്രിയ
ഉളുപ്പില്ലായ്മ !
പൊതുവേ നാണവും മാനവും ഇല്ലാതെ ഒരോന്ന് ചെയ്യുന്നവര്‍ക്ക് വേണ്ട ഒരു സദ്ഗുണം തന്നെയാണ്.ഈ ഗുണം വേണ്ടതിലധികമുള്ള ഒരു മഹാനുഭാവനെ ഈയടുത്ത് കാണാനിടയായി. അയാള്‍ ഒരു കവിയാണത്രേ ! അദ്ദേഹം ‘കാവി ഫാസിസ’ത്തിന് ഇരയായത്രേ !
ഒരു കവിത തീര്‍ച്ചയായും കവിയുടെ ആവിഷ്‌ക്കാര സ്വാതന്ത്രം തന്നെയാണ്.
സ്വന്തം മനോനിലക്കനുസരിച്ചുള്ള കവിതയും കഥകളും എഴുതുവാന്‍ ആര്‍ക്കും
സ്വാതന്ത്രമുണ്ട്. ഈ കവിക്കുമുണ്ട്.
എന്നാല്‍ രസം ഇവിടെയൊന്നും അല്ല.
ഈ കവിക്ക് തന്റെ കവിതയുടെ പേരില്‍
പൂന്താനമെന്ന ഒരു പുണ്യദേഹത്തിന്റെ പേരിലുള്ള
അവാര്‍ഡ് വാങ്ങാന്‍ ഒരുങ്ങിയിറങ്ങാന്‍ തക്ക തൊലിക്കട്ടിയുണ്ടായിരിക്കുന്നു.
അതും ക്ഷമിക്കാമായിരുന്നു. പക്ഷെ അവാര്‍ഡ്
ലഭിക്കില്ല എന്നുറപ്പായപ്പൊള്‍ താനതിന് സര്‍വ്വഥാ യോഗ്യനാണെന്ന്
ഘോഷിച്ചുകൊണ്ടുള്ള പ്രസ്താവനകളും മറ്റും
നടത്തത്തക്ക നാണമില്ലായ്മയുമുണ്ടായി എന്നതിലാണ്
നമുക്ക് അത്ഭുതം തോന്നേണ്ടത് .
ആ പ്രസ്താവന വായിച്ചത് മാതൃഭൂമിയിലാണ്.
പ്രശ്‌നം കവിതക്കല്ല, അത് വായിക്കാനുപയോഗിച്ച
കാവി കണ്ണടയ്ക്കാണത്രേ.
അതായത് നമുക്കാണ് പ്രശ്‌നം !
തന്റെയാ കവിത, അതി സുന്ദരവും ,
പൂന്താനം അവാര്‍ഡിന് അങ്ങേയറ്റം
യോഗ്യവുമാണെന്നാണ് കവി വാക്യം !
നീയൊക്കെ എന്റെയാ കവിതയൊന്ന് വായിച്ചിട്ട് പറയെടെ
എന്നാണ് കവിയുടെ പൊതുവേ ളള ലൈന്‍.
പുസ്തകം വിറ്റു പോവാനുള്ള ഓരോ കഷ്ടപ്പാടേ!
ആ പൂതി എന്തായാലും കവിയുടെ മനസ്സിലിരിക്ക്യേള്ളു.
പുസ്തകമിറങ്ങി 8 കൊല്ലമായുണ്ടാവാത്ത പ്രശ്‌നം ഇപ്പൊള്‍ എന്താണെന്നാണ് കവിയുടെ ആദ്യ ചോദ്യം . ഒരു ആനന്ദ ചിന്മയബിംബത്തെ ‘വിഷാദചിന്മയ ബിംബം’
കൊണ്ട് പകരം വെക്കുക മാത്രമേ താന്‍ ചെയ്തിട്ടുള്ളുവെന്നും കവി തുടര്‍ന്ന് പറയുന്നു. ചെറുപ്പം മുതല്‍ കഷ്ടതകള്‍ മാത്രമനുഭവിച്ച ഒരാള്‍ക്ക് ഇത്രയും സന്തുഷ്ടനായി ഇരിക്കുവാനാകില്ല എന്നാണ് തന്റെ ധാരണയെന്നും , ആ ഭാവം വിവരിച്ചത് വഴി കൃഷ്ണന്റെ ‘പൂര്‍ണ്ണത’യെ താന്‍ കണ്ടെത്തിയെന്നും , തന്റെ ഈ യഥാര്‍ത്ഥ ഭാവം ആരെങ്കിലുമൊന്ന് കണ്ടെത്തിയെങ്കില്‍ എന്ന് സ്വയം കൃഷ്ണന്‍ തന്നെ ആഗ്രഹിച്ചിരുന്നിരിക്കാമെന്നും , ആ ആഗ്രഹം താനാണ് സഫലമാക്കിയത് എന്നും മറ്റും പറഞ്ഞ് കൃഷ്ണനോടുള്ള സ്‌നേഹത്താല്‍ നെടുവീര്‍പ്പുകളിട്ട് അന്ത:രീക്ഷത്തെ ഉഷ്ണിപ്പിക്കുകയാണ് കവി. ചുരുക്കത്തില്‍, കാലാകാലങ്ങളായി ആനന്ദചിന്മയനായിരുന്ന് ബോറടിച്ച കൃഷ്ണനെ ആ ഇമേജിന്റെ ചട്ടക്കൂടില്‍ നിന്നും മോചിപ്പിച്ച് വിഷാദചിന്മയനാക്കുവാനുള്ള കവിയുടെ സദ് വൃത്തിക്ക് ലഭിച്ച അംഗീകാരമാണ് കുറച്ചു കാവിക്കണ്ണടക്കാര്‍ ചേര്‍ന്ന് തട്ടിക്കളഞ്ഞതത്രേ !
കവിതയിലൂടെ കൃഷ്ണന്റെ ‘യോഗേശ്വരമാന’ത്തെയാണ് കവി വ്യാഖ്യാനിച്ചതത്രേ! ഗാന്ധാരീ ശാപം കൃഷ്ണന്‍ ഏറ്റു വാങ്ങിയപ്പൊള്‍ തുറന്ന് കിട്ടിയ ഒരു വാതിലിലൂടെയായിരുന്നുവത്രേ കവിയുടെ ഈ സഞ്ചാരം!
ഒക്കെ സഹിക്കാമായിരുന്നു. ശേഷം കവി നമ്മോട് ഒരു ചോദ്യം ചോദിക്കുകയാണ് ! ആ ചോദ്യം ഈയുള്ളവളുടെ ചങ്കിലാണ് തറച്ചത്. ‘രാമായണത്തില്‍ വാല്മീകിക്ക് രാമന്റെ വികാരവിചാരങ്ങളെ രേഖപ്പെടുത്താമെങ്കില്‍ എന്താ എനിക്കായ്ക്കൂടെ ?’ അതെ , സാഹിത്യ വിഹായസ്സില്‍ തനിക്കില്ലാത്ത എന്തു പ്രത്യേകതയാണ് ആ വാല്മീകിക്കുള്ളതെന്ന് രോഷാകുലനായ കവി നമ്മോട് ചോദിക്കുകയാണ് സുഹൃത്തുക്കളെ ചോദിക്കുകയാണ് !
പിന്നീട് തനിക്കൊപ്പമോ തനിക്കു താഴെയോ നിലക്കുന്നവരായ കാളിദാസന്‍ , ആശാന്‍ , മാരാര്‍ ,ജയ ദേവന്‍ , എഴുത്തച്ഛന്‍ മുതലായവരെടുത്ത സ്വാതന്ത്രമൊന്നും താനെടുത്തിട്ടില്ലെന്നും എന്നിട്ടുമെന്തിനാണ് തന്നെയിങ്ങനെ പീഡിപ്പിക്കുന്നതെന്നും പറഞ്ഞ് വിനയപൂര്‍വം കവി മൂക്കു ചീറ്റുന്നു. തനിക്കീ ഗതിയാണെങ്കില്‍ കാളിദാസന്‍ എഴുത്തച്ഛന്‍ മുതലായവര്‍ നാളെ നിരോധിക്കപ്പെടും എന്നൊരാശങ്കയും കൂടി കവി തുടര്‍ന്ന് പങ്കുവെയ്ക്കുന്നുണ്ട്.
തുടര്‍ന്ന് ശുദ്ധ വേദാന്ത വിത്തായ ഒരു കവിയാണ് പ്രത്യക്ഷപ്പെടുന്നത് .. ഗീതയിലെ ഭക്ത ലക്ഷണങ്ങള്‍ പങ്കുവെച്ചതിന് ശേഷം , പ്രതികരിച്ചവരോടായി താനൊക്കെ എവടത്തെ ഭക്തനാണെടെ എന്നും ഒരു യഥാര്‍ത്ഥ ഭക്തനാണെങ്കില്‍ എനിക്കവാര്‍ഡ് തരുന്നത് നോക്കി പ്രതികരിക്കാതെ ഉരിയാടാതെ ഹരേ രാമ ജപിച്ചിരിക്കില്ലേ എന്നുമുള്ള പരോക്ഷമായ ചോദ്യത്തോടെ കവിയുടെ നീണ്ട പ്രസ്താവന അവസാനിക്കുകയാണ്.
പ്രിയ കവി,
കവിക്ക് എന്തും എഴുതാം . ഹിന്ദു ഈശ്വരന്മാരെക്കുറിച്ചും ,സമൂഹത്തെക്കുറിച്ചും വായില്‍ തോന്നിയത് മുഴുവനെഴുതി വെക്കുന്നതിന്റെ ഓമനപ്പേര് ആവിഷ്‌ക്കാര സ്വാതന്ത്രം എന്നാണല്ലോ. കവിക്കും അതുണ്ട്. പക്ഷെ അതിന് ലഭിക്കുന്ന അവാര്‍ഡ് പൂന്താനത്തിന്റെ പേരില്‍ത്തന്നെ വേണം എന്ന കവിയുടെ ആഗ്രഹം ! അതാണിവിടെ പ്രശ്‌നം ! അതു കൊണ്ട് കാളിദാസന്‍ മുതല്‍ എഴുത്തച്ഛന്‍ വരെയുള്ള കവിയുടെ ‘കാവ്യസമകാലീന’രെ വെറുതെ വിട്ടേക്കു. അവരെ ആരും നിരോധിക്കില്ല. അവര്‍ക്കുള്ള ആവിഷ്‌ക്കാര സ്വാതന്ത്രം തന്നെ കവിക്കുമുണ്ട് . ഇനിയും കവിക്ക് കൃഷ്ണനെക്കുറിച്ചും രാമനെക്കുറിച്ചും മനസ്സില്‍ തോന്നുന്നത് മുഴുവന്‍ എഴുതി നിറച്ച് അക്കാഡമി അവര്‍ഡ് വാങ്ങാം .. പക്ഷെ അവാര്‍ഡിന്റെ പേര് ! പൂന്താനം , മേല്‍പ്പത്തൂര്‍ , കുറൂരമ്മ , എന്തിനേറെ , അതിപ്പൊ ഗുരുവായൂര്‍ കേശവനോ പദ്മനാഭനോ ആയാല്‍പ്പോലും നടക്കുംന്ന് തോന്നുന്നില്ല കവി.
പൂന്താനമെന്ന ഭക്തോത്തമന്റെ പേരിലുള്ള അവാര്‍ഡ് കൊടുക്കുന്നവര്‍ക്കോ വിവരമില്ലെന്ന് വെക്കാം പക്ഷെ വാങ്ങുന്ന കവിക്കെങ്കിലും കുറച്ച് ഔചിത്യബോധം വേണ്ടെ? ഒരു ഭക്തോത്തമന്റെ പേരില്‍ അവാര്‍ഡ് വാങ്ങാന്‍ ഇറങ്ങി പുറപ്പെട്ട, അതിന് സ്വയം യോഗ്യനെന്ന് കരുതിയ ആ ഉളുപ്പില്ലായ്മക്കാണ് കവീ ശരിക്കും അവാര്‍ഡ് വേണ്ടത്..
ഇനി, വിഷാദ ചിന്മയനെന്ന ഒരു സങ്കല്പമോ ? അതെന്ത് സങ്കല്പമാണെന്റെ കവി?
ചിന്മയമെന്നാല്‍ അറിവ് എന്നല്ലെ അര്‍ത്ഥം? വെറും അറിവല്ല ,അറിവിന്റെ മൂര്‍ത്തീകരണമാണ്. അതായത് ശുദ്ധമായ ബോധം. ആ ബോധത്തില്‍ നിന്നും
ആനന്ദമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ചിന്മയമെന്നാല്‍ ശുദ്ധമായ ബോധ സാക്ഷാത്കാരത്തിലൂടെ ലഭിക്കുന്ന ആനന്ദം മാത്രമാണ്.
അങ്ങനെയുള്ള ബോധത്തില്‍ എവിടെയാണ് കവി വിഷാദത്തെ ചേര്‍ത്തു കെട്ടുക? വിഷാദചിന്മയനെന്ന ഒരു സങ്കല്പത്തിന് അടിസ്ഥാനമുണ്ടോ?
കവി ആരെ ബോധിപ്പിക്കാനാണ് ചിന്മയനെക്കൂട്ടുപിടിക്കുന്നത് ? ഇതൊന്നും മ്മടെ എഴുത്തച്ഛന്‍ കേക്കണ്ട. നാരായമെടുത്ത് നല്ല കുത്തു വെച്ച് തരും പറഞ്ഞെക്കാം.
തുടന്ന് ഗാന്ധാരീ ശാപം. ! അന്നേരം കൃഷ്ണന്‍ പറഞ്ഞ വാക്കുകള്‍ കവിയുടെ മനസ്സിന്റെ സങ്കല്പ വാതായനങ്ങള്‍ തുറന്നുവത്രേ! !
‘ അങ്ങനെ തന്നെ വരേണമെന്നുള്ളതുണ്ടിങ്ങെനിക്കും മനക്കാമ്പില്‍ സുബലജെ ‘
എന്ന കൃഷ്ണന്റെ വാക്കുകള്‍ കവിയുടെ നെഞ്ചില്‍ തുറന്നിട്ട ആ വാതായനം, കൊള്ളരുതാത്തവനായ ഒരു ഭര്‍ത്താവിനെ കിട്ടിയ ഒരു ഭാര്യ നെഞ്ചത്തടിച്ചു പറയുന്ന വാക്കുകളുടെ പശ്ചാത്തലത്തില്‍ തുറന്നതായിരുന്നു എന്ന് തോന്നുന്നു.
‘അതെടോ എനിക്കിത് കിട്ടണം’ തന്നെയൊക്കെ കെട്ടിയ എനിക്കിങ്ങനെ തന്നെ വേണം’
ഈ ലെവലില്‍ ആണത്രേ കവിയുടെ കൃഷ്ണന്റെ യോഗേശ്വരമാനം ! ഹെന്ത് പറയാനാ ? കവിത്വ സിദ്ധി ! അല്ലാണ്ടെന്താ?
പ്രിയ കവി , വികാരവിചാരങ്ങളുള്ളവന്‍ തന്നെയാണ് രാമന്‍. അവതാരപ്പിറവികളില്‍ വെച്ച് അലമുറയിട്ട് കരഞ്ഞവനാണ്. അതിലൊരു ദോഷവുമില്ല താനും. എന്നാല്‍ എത്ര കഠിനമായ വേദനകള്‍ ജീവിതം എറിഞ്ഞു കൊടുത്തിട്ടും , ഒരിക്കല്‍പ്പോലും കണ്‍കോണില്‍ നിന്നു പോലും ഒരു തുള്ളിനീര്‍ പൊടിയാത്തവനെ, അതോര്‍ത്ത് നെടുവീര്‍പ്പിടാത്തവനെ , സദാ പുഞ്ചിരി തൂകി ജീവിത സന്ദര്‍ഭങ്ങളെ അപ്പാടെ ഒരു പരാതിയുമില്ലാതെ സ്വീകരിച്ചവനെ , നീയും നിന്റെ കുലവും തമ്മില്‍ തല്ലിയൊടുങ്ങിപ്പോട്ടെ എന്ന ഭീകര ശാപത്തെപ്പോലും കാലഗതിയുടെ സ്വാഭാവിക പരിണാമമായി മനസ്സിലാക്കി പുഞ്ചിരിയോടെ ഏറ്റുവാങ്ങിയവനെ , വിഷാദ രോഗിയാക്കുവാനുള്ള കവിയുടെ മനോവൈകല്യത്തിന്റെ പേര് ആവിഷ്‌ക്കാര സ്വാതന്ത്രം എന്നായിരിക്കും. പക്ഷെ , അതിന് ഭക്ത കവിയുടെ പേരിലുള്ള പുരസ്‌ക്കാരവും കൂടി വേണമെന്ന ശാഠ്യത്തിന്റെ പേര് അധികപ്രസംഗമെന്നല്ലെ?
കവി പറഞ്ഞത് ശരിയാണ് . കവിയായിരുന്നു കൃഷ്ണന്റെ സ്ഥാനത്തെങ്കില്‍ ഒരു പക്ഷെ അതി കഠിനമായ വിഷാദ രോഗത്തിന് അടിമയായി മാറിയേനെ . . സാഹിത്യകാരന്റെ സ്വന്തം വികാരവിചാരങ്ങളാണല്ലോ സാഹിത്യ സൃഷ്ടികള്‍ . ആ നിലക്ക് കവിതയില്‍ ഒരു പ്രശ്‌നവുമില്ല.
പക്ഷെ ഇത്രയും പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടും എന്റെ കൃഷ്ണന്‍ ആനന്ദ ചിന്മയന്‍ തന്നെയായിരുന്നു. എന്തിനേറെ , താനുമായി ബന്ധപ്പെടുന്നവരെയെല്ലാം തന്നെപ്പോലെ ആനന്ദമയ ശീലരായി പരിവര്‍ത്തനം ചെയ്തിരുന്നു. അതുകൊണ്ടാണല്ലോ പൂന്താനത്തിന് മകന്‍ മരിച്ച അതികഠിനമായ വ്യസനത്തെപ്പോലും ഉണ്ണികൃഷ്ണനെ കണ്‍മുന്നില്‍ കണ്ട് സദാ ആനന്ദപൂര്‍ണ്ണമാക്കി മാറ്റാന്‍ കഴിഞ്ഞത്.
ഇനി യഥാര്‍ത്ഥ ഭക്തന്റെ കവി നിര്‍വചനത്തിലേക്ക് പോവാം . അത് ‘വേദാന്തവിത്താ’യ കവി നിര്‍ഗുണ പരബ്രഹ്മങ്ങളായ ഹിന്ദു സമൂഹത്തെ മാത്രം കണ്ടു ശീലിച്ചതിന്റെ കുഴപ്പമാണ്. പലരും ആവിഷ്‌ക്കാര സ്വതന്ത്രത്തിന്റെ മറവില്‍ കെട്ടിപ്പൊക്കുന്ന മനോവൈകല്യക്കോട്ടയില്‍ നോക്കി വെറുതെയിരിക്കുന്ന ആ പതിവ് ഹിന്ദു സമൂഹം നിര്‍ത്തിയെന്ന് തോന്നുന്നു. ഇപ്പൊ കുറച്ചായി അങ്ങുമിങ്ങും ചില അനക്കങ്ങളൊക്കെ കാണുന്നുണ്ട്. അത് അവാര്‍ഡ് കിരീടത്തെ തട്ടിത്തെറിപ്പിക്കുവാന്‍ ഹേതുവായ് തീര്‍ന്നതിലുള്ള കവിയുടെ ദു:ഖത്തില്‍ പങ്ക് ചേര്‍ന്ന്, ഏതാനും അശ്രുകണങ്ങള്‍ അവിടവിടെയായി പൊടിച്ചിടുന്നു .
താഴുന്നവന്റെ തലയില്‍ കയറി ചവിട്ടുക ! ആ തലയൊന്നനക്കിയാല്‍, ഒന്ന് പ്രതിഷേധിച്ചാല്‍ , അവന് / അവള്‍ ‘916 ഭക്തന്‍ ‘ / ‘916 ഹിന്ദു ‘ അല്ല , കാവി ഭീകരത, ഫാസിസം എന്നൊക്കെ വിളിച്ച് കൂവുക… അതൊരു നല്ല കളിയായിരുന്നു കവി … ഇതു വരെ ഭംഗിയായി ഓടിയ കളി. പക്ഷെ അതിനും ഇപ്പൊ മാര്‍ക്കറ്റിടിഞ്ഞിരിക്ക്യാണ്. കവിയും കൂട്ടരുമിനി പുതിയ മാര്‍ഗങ്ങള്‍ തേടേണ്ടി വരും എന്ന് തോന്നുന്നു.
അവസാനമായി ,
നിങ്ങളൊക്കെ 3 നേരവും എന്താ കവി സാറെ കഴിക്കുന്നത് ?
ഉളുപ്പില്ലായ്മ ചിലപ്പൊഴെങ്കിലും ഒരാവശ്യമായി വരുമ്പോ അതെടുത്ത് കഴിക്കാനാണ്.
സ്വസ്തി.
വായനക്കാരോട് : പ്രഭാവര്‍മ്മയുടെ ചാട്ടം പൂന്താനമെന്ന സാത്വികന്റെ പേരിലുള്ള അവാര്‍ഡ്
വാങ്ങുവാനായ് മാത്രമായിരുന്നുവെന്ന് നിഷ്‌ക്കളങ്കരേ നിങ്ങളിനിയും കരുതുന്നുവോ ?
വാല്‍ : ഒരു കവിതയ്ക്കല്ല , കവിയുടെ ‘സമഗ്ര സംഭാവന’ക്കാണ് അവാര്‍ഡെന്നും പറഞ്ഞ് ദേവന്റെ അന്നം മൂന്ന് നേരവും ഉണ്ട് ഏമ്പക്കമിട്ട് നടക്കുന്ന ചില യോഗ്യര്‍ രംഗത്തെത്തിയിരുന്നു എന്ന് കേട്ടു.. മൂപ്പര് ഉള്ളില്‍ ചിരിച്ചോണ്ടിരിക്കുന്നത് മതിയാക്കി ചക്രായുധവും എടുത്തിറങ്ങുന്നത് എന്നാവും എന്നൊന്ന് കരുതിയിരിക്കുന്നത് നല്ലതാന്നേ ആ മഹാനുഭാവന്മാരോട് പറയാനുള്ളൂ. ശിശുപാലന് പോലും നൂറിന്റെ ആനുകൂല്യമേ ലഭിച്ചുള്ളു. ഇതിപ്പൊ …. എത്രായിക്കാണും ?
Discussion about this post