പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസുകൾ തുടർച്ചയായി ചാർജ് ചെയ്യപ്പെടുന്നതിനിടെ, മൂന്നാമത്തെ പരാതിക്കാരിയുടെ ആരോപണങ്ങളെ തള്ളി അദ്ദേഹത്തിന്റെ അടുത്ത അനുയായിയും കെഎസ്‌യു നേതാവുമായ ഫെനി നൈനാൻ രംഗത്ത്. രാഷ്ട്രീയ പ്രേരിതമായ ‘വേട്ടയാടൽ’ ആണ് നടക്കുന്നതെന്നും പരാതിക്കാരിക്ക് എംഎൽഎയുമായി സുഹൃദ്ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫെനി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെട്ടു. മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നതിനിടെയാണ് ഫെനി നൈനാന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. അതിജീവിതയുമായി തനിക്ക് ദീർഘകാലത്തെ പരിചയമുണ്ടെന്നും 2025 നവംബർ വരെ അവർ താനുമായി സൗഹൃദം പങ്കുവെച്ചിരുന്നുവെന്നും ഫെനി പറയുന്നു.
കെഎസ്‌യു പരിപാടിക്കായി അയ്യായിരം രൂപ അതിജീവിത നൽകിയിരുന്നു. അവർ 50 കൂപ്പണുകൾ എടുത്ത വിവരം പേര് സഹിതം അന്ന് തന്നെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു. ഇത്രയും കാലം സൗഹൃദത്തിൽ തുടർന്ന ഒരാൾ പെട്ടെന്ന് ബലാത്സംഗ പരാതിയുമായി വരുന്നത് അതിശയകരമാണെന്ന് ഫെനി നൈനാൻ ആരോപിക്കുന്നു. എംഎൽഎയെ കുടുക്കാൻ മനപ്പൂർവ്വം കെട്ടിച്ചമച്ച പരാതിയാണിതെന്ന് ഫെനി ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളും ചാറ്റുകളും ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അഭിഭാഷകരായ ശാസ്തമംഗലം അജിത്ത്, ശേഖർ എന്നിവർക്ക് കൈമാറി. ഇവ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ഫെനി നൈനാൻ കൂട്ടിച്ചേർത്തു. രണ്ടാമത്തെ പരാതിയിൽ പെൺകുട്ടിയെ ഹോംസ്റ്റേയിൽ എത്തിച്ചത് ഫെനി ഓടിക്കുന്ന കാറിലാണെന്നായിരുന്നു ആരോപണം. എന്നാൽ ഇതിൽ യാതൊരു സത്യവുമില്ലെന്നും ഒരു തെളിവുമില്ലാത്തതിനാലാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്നും ഫെനി ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വലിയ രീതിയിലുള്ള മാദ്ധ്യമവിചാരണയാണ് നടക്കുന്നതെന്ന് ഫെനി കുറ്റപ്പെടുത്തി. സത്യം അറിയാവുന്ന താൻ ചില മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ പങ്കുവെച്ചെങ്കിലും രാഹുലിന് അനുകൂലമായ വാർത്തയായതിനാൽ അവർ അത് നൽകാൻ തയ്യാറായില്ലെന്നും ഫെനി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അതേസമയം, മൂന്നാമത്തെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു, ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് എംഎൽഎയ്‌ക്കെതിരെ നിലവിലുള്ളത്. ഈ കേസുകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.













Discussion about this post