ഡല്‍ഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാർ കാർഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജനപ്രാതിനിധ്യ നിയമം 1951 ഭേദഗതി ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ് മന്ത്രി രവി ശങ്കര്‍ പ്രസാദ്. ലോക്സഭയില്‍ ആധാര്‍ കാര്‍ഡും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
”തെറ്റുകളില്ലാത്ത തിരഞ്ഞെടുപ്പ് പട്ടികയും ഇരട്ടിപ്പും ഒഴിവാക്കുന്നതിന്റെ ഭാഗമെന്ന നിലയിലാണ് ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് ജനപ്രാതിനിധ്യ നിയമം 1951 ഭേദഗതി ചെയ്യണമെന്ന ശുപാര്‍ശ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്.”
ആധര്കാര്ഡും ഇലക്ഷന് കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് എന്തെങ്കിലും ശുപാര്‍ശ നല്‍കിയിട്ടുണ്ടോ? അങ്ങനെ ബന്ധിപ്പിക്കുന്നതു വഴി ഉണ്ടാകാനിടയുള്ള ഡാറ്റ മോഷണം കണക്കിലെടുത്തിട്ടുണ്ടോ? എന്നിവയായിരുന്നു അംഗങ്ങള്‍ ഉയര്‍ത്തിയ പ്രധാന ചോദ്യങ്ങള്‍. എത്ര കാലത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാമെന്നും അതിനു വേണ്ടി വരുന്ന ചെലവും അതിന്റെ ആധികാരികതയും പരിശോധിച്ചു കൊണ്ടിരിക്കുന്നതായി ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
സെക്ഷന്‍ 123(1)ബിയില്‍ അച്ചടി മാധ്യമമെന്നതിനൊപ്പം ഡിജിറ്റല്‍ വിവരങ്ങള്‍ ചേര്ക്കാനനുവദിക്കും വിധം മറ്റു മാധ്യമങ്ങള്‍ എന്ന് നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ശുപാര്‍ശ.
Discussion about this post