ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവിൽ രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട ദമ്പതികൾ ഡൽഹിയിൽ പിടിയിൽ. അന്താരാഷ്ട്ര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഇവരെ ദക്ഷിണ ഡൽഹിയിലെ ജാമിയ നഗറിൽ നിന്നാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇവർ കശ്മീർ സ്വദേശികളാണെന്നാണ് വിവരം.
ഇന്ത്യയിൽ നിലവിൽ വന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളുടെ മറവിൽ മുസ്ലീം യുവാക്കളെ ഭീകരാക്രമണങ്ങൾക്ക് പ്രേരിപ്പിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഇവർ അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു.
ജഹാൻസാഹിബ് സമി, ഭാര്യ ഹിന ബഷീർ ബീഗ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി പൊലീസ് മുന്നോട്ട് പോകുന്നതായാണ് സൂചന. ചാവേറാക്രമണത്തിനായി ആയുധങ്ങൾ ശേഖരിച്ചു വരികയായിരുന്ന ജഹാൻസാഹിബ് സമി ഇന്റലിജൻസ് ബ്യൂറോയുടെ നിരീക്ഷണത്തിലായിരുന്നു. ജമ്മു കശ്മീരിന് പുറമെ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലും ഭീകരവാദ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സമി ശ്രമിച്ചു വരികയായിരുന്നു. ഇതിനായി ഇയാൾ സൈബർ സ്പേസ് ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
കശ്മീരി യുവാക്കളെ വ്യാപകമായി ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ച ഇസ്ലാമിക് സ്റ്റേറ്റ് പാകിസ്ഥാൻ ഘടകം തലവൻ ഹുസൈഫ അൽ ബാകിസ്ഥാനിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് പിടിയിലായിരിക്കുന്ന ജഹാൻസാഹിബ് സമി. ലഷ്കർ ഇ ത്വയിബ ഇസ്ലാമിക് സ്റ്റേറ്റിൽ ലയിച്ചപ്പോൾ മുതൽ സജീവ ഭീകരവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വന്നിരുന്ന പാക് സ്വദേശിയാണ് ഹുസൈഫ അൽ ബാകിസ്ഥാനി. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഓൺലൈൻ റിക്രൂട്ടർ എന്ന നിലയിലും ഇയാൾ കുപ്രസിദ്ധനായിരുന്നു. ഇയാൾ കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഐ എസ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന ‘ടാലന്റ്‘ എന്ന ഗ്രൂപ്പിന്റെ നിയന്ത്രണം കൈയ്യാളുന്ന നേതാവാണ് സമിയുടെ ഭാര്യ, പിടിയിലായ ഹിന ബഷീർ ബെയ്ഗെന്ന് പൊലീസ് വ്യക്തമാക്കി.
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഡിജിറ്റൽ മാസികയായ സ്വാത് അൽ ഹിന്ദിന്റെ ഫെബ്രുവരി എഡിഷൻ പ്രസിദ്ധീകരണത്തിലെ തന്റെ പങ്ക് സമി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിക്കുന്ന ഉപഭൂഖണ്ഡത്തിലെ യുവാക്കൾ സമരം ചെയ്യുകയല്ല വേണ്ടതെന്നും മറിച്ച് ജിഹാദ് ചെയ്യുകയാണ് വേണ്ടതെന്നും ഇതിൽ ആഹ്വാനം ചെയ്യുന്നു.
ജനാധിപത്യം നിങ്ങളെ രക്ഷിക്കാൻ പോകുന്നില്ലെന്ന് പറയുന്ന മാസികയുടെ പ്രസിദ്ധീകരണത്തിന് സഹായിച്ച എല്ലാവരെയും ഉടൻ പിടികൂടുമെന്നും ഇതുമായി ബന്ധപ്പെട്ട് അൽ ഹിന്ദ് എന്ന ഒരു സംഘടന നിരീക്ഷണത്തിലാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Discussion about this post