സംസ്ഥാനം കൊറോണ ബാധയെ നേരിടുമ്പോൾ ഒറ്റക്കെട്ടായി നിൽക്കാതെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
“കൊറോണ പോലുള്ള മഹാമാരി വരുമ്പോൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. ജാഗ്രത പാലിച്ചു മുന്നേറേണ്ട സമയത്ത് ഇങ്ങനെ ആൾക്കാരെ തള്ളിവിടരുത്. ഏതു പക്ഷം ഏതു മുന്നണി എന്നൊക്കെ നോക്കുകയാണോ ഈ സമയത്ത് വേണ്ടത്..?” ഇതൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യൻ ബാക്കി വേണം എന്നും, ആ മനുഷ്യരുടെ കൂടെ വേണം ഈ സമയത്ത് നിൽക്കാൻ എന്നും പിണറായി വിജയൻ വെളിപ്പെടുത്തി. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്നുള്ള പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ആര് തപസ്സു ചെയ്യുന്നത് കണ്ടാലും, തന്റെ ഇന്ദ്രപദവി നഷ്ടപ്പെട്ടു പോകുമോയെന്നുള്ള ദേവേന്ദ്രന്റെ മാനസികാവസ്ഥയാണ് ചിലർക്കെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ കൊറോണ ബാധ തുടരുകയാണ്. സംസ്ഥാനത്ത് മൂന്നു പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ നിന്ന് എത്തിയ തൃശ്ശൂർ സ്വദേശിയ്ക്കും, ദുബായിൽ നിന്നും തിരിച്ചു വന്ന കണ്ണൂർ സ്വദേശിയുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 17 ആയി.












