കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിന് വിലക്ക് ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയ സംഭവത്തില്‍ കേസെടുത്തിരിക്കുന്നവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്ക്. ശക്തമായി തന്നെ ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കേസെടുക്കുക മാത്രമല്ല ഇതിലെ പ്രതികള്‍ ആരൊക്കെയാണെന്നത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പരിശോധിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യുന്ന നടപടിയിലേക്ക് നീങ്ങുമെന്നും റൂറല്‍ എസ് പി പറഞ്ഞു.
രജിത്കുമാര്‍ അടക്കം 75 പേര്‍ക്കെതിരെയാണ് ജില്ലാ കലക്ടറുടെ നിര്‍ദേപ്രകാരം നെടുമ്പാശേരി പോലിസ് ഇന്ന് രാവിലെ കേസെടുത്തത്. സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ രജിത്കുമാര്‍ ഇന്നലെ രാത്രി ഒമ്പതോടെ ചെന്നൈയില്‍ നിന്നും വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയപ്പോഴായിരുന്നു ഇദേഹത്തിന്റെ ആരാധാകരുടെ നേതൃത്വത്തില്‍ വിലക്ക് ലംഘിച്ച് സ്വീകരണം നല്‍കിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ആളുകള്‍ക്കിടയിലേക്ക് ഇറങ്ങാതെ മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി പോകണമെന്നും പോലിസ് ആവശ്യപ്പെട്ടുവെങ്കിലും രജിത് കുമാര്‍ ഇതിന് വഴങ്ങാതെ ആള്‍ക്കൂട്ടത്തിലേക്ക് ഇറങ്ങുകയായിരുന്നു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ സന്ദര്‍ശക ഗാലറിയിലടക്കം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ സ്വീകരണം സംഘടിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ കലക്ടര്‍ എസ് സുഹാസ് കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഐപിസി 143,147,149,188,283 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്ര. ജിത് കുമാറിനെക്കൂടാതെ പരീക്കുട്ടി, ഷിയാസ്, ഹബീബ് റഹ്മാന് എന്നിവരെക്കൂടാതെ കണ്ടാലറിയാവുന്ന 75 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. വിമാനത്താവളത്തിന്റെ 500 മീറ്റര്‍ പരിധിയില്‍ പ്രകടനം നടത്താന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവും സംഘം ലംഘിച്ചു.
Discussion about this post