തൃശൂര്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തില്‍ ഇത്തവണ ജനക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ ചടങ്ങുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനുപേര്‍ എത്തിച്ചേരുന്ന ഉത്സവമാണ് കൊടുങ്ങല്ലൂര്‍ ഭരണി. ഉത്സവത്തിനു പോകാനൊരുങ്ങുന്നവരെ അതതു ജില്ലാ കളക്ടര്‍മാര്‍ ബന്ധപ്പെട്ട് നിരുത്സാഹപ്പെടുത്തണം. ഉത്സവത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് കൊടുങ്ങല്ലൂരില്‍ ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ഹൈന്ദവ- മുസ്ലിം- ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തങ്ങളുടെ ചടങ്ങുകളില്‍ ആള്‍ക്കൂട്ടത്തെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. സമൂഹം വലിയ വിപത്ത് നേരിടുമ്പോള്‍ ചെറിയ വിഷമങ്ങള്‍ കാര്യമാക്കാതെ എല്ലാവരും വിശാല മനസ്കരാവണം. വൈറസിന്റെ സമൂഹ വ്യാപനം തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗപ്രതിരോധത്തിന്റെ ഭാഗമായി കെയര്‍ സെന്ററുകള്‍ ഒരുക്കുന്നതിന് കര-വ്യോമ-നാവിക സേനാ വിഭാഗങ്ങളുടെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post