എറണാകുളം : വൈദ്യുതി ബിൽ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് കെഎസ്ഇബി കോർപ്പറേഷൻ ഓഫീസിലെ ഫ്യൂസ് ഊരി. കൊച്ചി കോർപ്പറേഷൻ ഫോർട്ട് കൊച്ചി സോണൽ ഓഫീസിലെ ഫ്യൂസ് ആണ് കെഎസ്ഇബി ജീവനക്കാർ എത്തി ഊരി മാറ്റിയത്. രണ്ടുലക്ഷം രൂപയാണ് ഫോർട്ട് കൊച്ചി സോണൽ ഓഫീസ് വൈദ്യുതി ബിൽ കുടിശ്ശികയായി അടയ്ക്കാനുള്ളത്.
കൊടും ചൂടിൽ വലയുന്ന സമയത്ത് ഫ്യൂസ് കൂടി ഊരിയതോടെ ഫാൻ പോലും പ്രവർത്തിപ്പിക്കാൻ ആകാതെ ദുരിതത്തിൽ ആയിരിക്കുകയാണ് കോർപ്പറേഷൻ ഓഫീസ്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ജീവനക്കാർ വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് ഇവിടെ അനുഭവിക്കുന്നത്.
പണമില്ലാത്തതിനാൽ അല്ല സാങ്കേതിക തടസ്സങ്ങളെ തുടർന്നാണ് ബില്ല് അടയ്ക്കാൻ വൈകിയത് എന്നാണ് വിഷയത്തിൽ മേയർ എം അനിൽകുമാർ വ്യക്തമാക്കുന്നത്. പണം അടച്ച് എത്രയും പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കെഎസ്ഇബി അധികൃതർ കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്.







