കോവിഡിന്റെ സാമൂഹ്യവ്യാപനത്തെ തടയാനുള്ള ഒരുക്കങ്ങൾ നടത്തി കേന്ദ്ര സംസ്ഥാന സർക്കാരുകൾ.മൂന്നാംഘട്ട വ്യാപനത്തിന്റെ സുരക്ഷാ, പ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് തയ്യാറാക്കപ്പെടുന്നത്.അടുത്ത പത്ത് ദിവസങ്ങൾ വളരെ നിർണായകമാണെന്നാണ് നീതി ആയോഗിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് ടാസ്ക് ഫോഴ്സ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. ലോക്ഡൗൺ ശക്തമാക്കി സാമൂഹിക വ്യാപനം തടയുന്നതിൽ പൂർണ ശ്രദ്ധ കൊടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാസികളുടെ വരവ് ഇല്ലാതായെങ്കിലും രോഗബാധിതരുടെ എണ്ണം ഉയരുന്നതിനാലാണ് മൂന്നാംഘട്ടത്തിന് മുൻകൂറായി പ്രതിരോധം തീർക്കുന്നത്.പരിശോധനയുടെ എണ്ണം കുത്തനെ ഉയർത്തണമെന്നാണ് ഐ.എം.എ ആവശ്യപ്പെടുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മൂന്നാംഘട്ടത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാജസ്ഥാനിലെ ബിൽവാരയിലും, കൂട്ടത്തോടെ മറുനാട്ടിലേക്കു തൊഴിൽ തേടി പോയ അമ്പതിനായിരത്തിലധികം പേരും മടങ്ങിയെത്തിയ ബിഹാറിലും സമഗ്ര വ്യാപനം സംശയിക്കുന്നുണ്ട്.രാജ്യത്ത് നിലവിൽ 120ഓളം സർക്കാർ ലാബുകളും 30 സ്വകാര്യ ലാബുകളും ഉണ്ടെങ്കിലും പരിശോധനാ സംവിധാനം ഉയർത്തുകയാണ്. നിലവിലുള്ളവ അപര്യാപ്തമാണെന്ന് കണ്ടു കൊണ്ടാണ് ഈ നടപടി.
Discussion about this post