പത്തനംതിട്ട: ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ ഭൂമി ചിലര്‍ വ്യാപകമായി കയ്യേറുകയാണെന്നാരോപിച്ച് പത്തനംതിട്ട കളക്ടേറ്റിന് മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പത്തനംതിട്ട ജില്ലയിലെ കൂമ്പാഴ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഭൂമി കയ്യേറ്റത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയത്. കൂമ്പാഴ എസ്റ്റേറ്റിലെ ജീവനക്കാരായ 70 ജീവനക്കാരുടെ ജീവിതം കയ്യേറ്റം മൂലം ദുരിതപൂര്‍ണമായിരിക്കുകയാണെന്ന് തൊഴിലാളി നേതാക്കള്‍ പറഞ്ഞു.
കളക്ടറേറ്റിന് മുന്നില്‍ നടന്ന ധര്‍ണ ഐഎന്ടിയുസു സംസ്ഥാന സെക്രട്ടറി എം ഷംസുദ്ധീന് ഉദ്ഘാടനം ചെയ്തു. ഹാരിസണ്‍ന്റെ ഭൂമി വ്യാപകമായ കയ്യേറ്റത്തിന് ഇരയാകുന്നതായി ഷംസുദ്ധീന് ആരോപിച്ചു. ട്രേഡ് യൂണിയന് നേതാക്കളായ എഐടിയുസി സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം വിലങ്ങന്‍പാറ സുകുമാരന്‍, സിഐടിയു ജില്ല ജനറല്‍ സെക്രട്ടറി പി.ജെ അജയകുമാര്‍, ബിഎംഎസ് ജില്ല സെക്രട്ടറി രഘുനാഥന്, സിഐടിയു നേതാവ് മലയാളപുഴ മോഹന്‍ ഐഎന്‍ടിയുസി നേതാവ് പി.കെ ഗോപി എന്നിവര്‍ സംസാരിച്ചു.
എസ്റ്റേറ്റിലെ കയ്യേറ്റം തടഞ്ഞ് തൊഴിലാളികളുടെ ജീവിതസംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ ജില്ല കളക്ടര്‍ ഹരികിഷോറിന് നിവേദനം നല്കി.
Discussion about this post