ആത്മനിർഭരതാ അഥവാ സ്വയം പര്യാപ്തയുടെ പടവുകൾ ഓരോന്നായി കയറുകയാണ് നമ്മുടെ ഭാരതം. എല്ലാ മേഖലയിലും ഇതിനായുള്ള മുന്നേറ്റങ്ങൾ നടത്താൻ രാജ്യത്തിന് കഴിഞ്ഞു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തയ്ക്കായുള്ള പ്രവർത്തനങ്ങൾ. ഇപ്പോൾ വിദേശത്ത് നിന്നുള്ള യുദ്ധ സാമഗ്രികളുടെ ഇറക്കുമതി ഗണ്യമായി കുറച്ചിരിക്കുകയാണ് ഭാരതം. പ്രതിരോധ മേഖല ആത്മനിർഭരതയ്ക്കായുള്ള ആദ്യ ചുവടായി ഈ നീക്കത്തെ നമുക്ക് കണക്കാക്കാം.
40 ശതമാനം യുദ്ധ സാമഗ്രികൾ ആയിരുന്നു വിദേശ രാജ്യങ്ങളിൽ നിന്നും ഭാരതം ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇതിപ്പോൾ 10 ശതമാനമാനത്തിൽ താഴെയായി കുറയ്ക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിയ്ക്ക് കീഴിൽ തുടങ്ങിയ പ്രതിരോധ സാമഗ്രികളുടെ ആഭ്യന്തര നിർമ്മാണത്തിൽ ഉണ്ടായ മുന്നേറ്റമാണ് ഈ തീരുമാനത്തിലേക്ക് മന്ത്രാലയത്തെ നയിച്ചത്. അതായത് യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നതിന് ആവശ്യമായ 50 ശതമാനത്തിലധികം സാമഗ്രികളും സ്വയം നിർമ്മിക്കാൻ രാജ്യത്തിന് കഴിയുന്നു എന്ന് അർത്ഥം.
പ്രതിവർഷം 20,000 കോടി രൂപയാണ് കരസേന യുദ്ധ സാമഗ്രികൾ വാങ്ങാൻ ചിലവിടാറുള്ളത്. എന്നാൽ ഈ തുകയുടെ ഭൂരിഭാഗവും രാജ്യത്ത് തന്നെ ഇനി മുതൽ ചിലവഴിക്കാൻ സേനയ്ക്ക് ആകും. നിലവിലെ യുദ്ധ സാമഗ്രികളുടെ നിർമ്മാണത്തിൽ സ്വകാര്യ കമ്പനികളും പങ്കാളികളായതോടെയാണ് നിർണായക നേട്ടം കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞത്. അടുത്ത രണ്ട് വർഷത്തിനുള്ള യുദ്ധ സാമഗ്രികളുടെ ഇറക്കുമതി പൂർണമായും നിർത്തുകയാണ് ഇനി രാജ്യത്തിന്റെ ലക്ഷ്യം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത പ്രാവർത്തികമാക്കാനാണ് നിലവിലെ നീക്കം.
ടാങ്കുകൾ, തോക്കുകൾ, റോക്കറ്റ് ലോഞ്ചറുകൾ, മൾട്ടിപ്പിൾ ഗ്രനേഡ് ലോഞ്ചറുകൾ, മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ തുടങ്ങിവയുടെ നിർമ്മാണത്തിനായുള്ള സാമഗ്രികൾ കരസേന രാജ്യത്തിന് അകത്തു നിന്ന് തന്നെയാണ് ശേഖരിക്കുന്നത്. ഇനിമുതൽ ആയുധങ്ങൾ നിർമ്മിക്കുന്നതിനുള്ള കൂടുതൽ സാമഗ്രികളും കരസേന രാജ്യത്ത് നിന്നുതന്നെ സ്വന്തമാക്കും.
സ്വന്തം ആവശ്യത്തിനായി വാങ്ങിയ ശേഷം ബാക്കിയുള്ളവ കയറ്റുമതി ചെയ്യാനും ഭാരതം പദ്ധതിയിടുന്നുണ്ട്. ഇതുവഴി ആഗോള പ്രതിരോധ വിപണയിൽ നിർണായക സ്ഥാനം സ്വന്തക്കാനും രാജ്യത്തിന് കഴിയുമെന്ന് ഉറപ്പാണ്.
Discussion about this post