ഡൽഹി: അതിഥി തൊഴിലാളികൾക്ക് കരുതലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നാട്ടിലെത്താൻ കഴിയാതെ അന്യസംസ്ഥാനങ്ങളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്ക് സൗജന്യ താമസവും സമ്പൂർണ്ണ ശമ്പളവും ഉറപ്പ് വരുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറക്കി.
കൂടാതെ ഇവരിൽ നിന്നും താമസത്തിന് വാടക ഈടാക്കരുതെന്നും നിർദ്ദേശം ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വീട്ടുടമസ്ഥർക്കും തൊഴിൽ ഉടമകൾക്കും കർശന നിർദ്ദേശം നൽകി. സ്വന്തം നാടുകളിൽ ഇതിനോടകം മടങ്ങിയെത്തിയ ഇതര സംസ്ഥാന തൊഴിലളികളെ കണ്ടെത്തി അവർക്ക് വേണ്ട സംരക്ഷണം ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നു ഉത്തരവിൽ പറയുന്നു.
അതേസമയം ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്ന് യാത്ര ചെയ്യുന്നത് തടയാൻ സംസ്ഥാന- ജില്ലാ അതിർത്തികൾ അടച്ചിടണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു. അന്യസംസ്ഥന തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം ഉറപ്പ് വരുത്തുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും അംഗപരിമിതരുടെയും സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
Discussion about this post