ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് വ്യാപനം ലോകത്തെയാകമാനം ഭീതിയിലാക്കി നിയന്ത്രണാതീതമായി മുന്നേറുമ്പോൾ ലോകത്തെ ഞെട്ടിക്കുന്ന നിലപാടുമായി ചൈന. വൈറസ് വ്യാപനത്തിന് കാരണമായ ഇറച്ചി വിപണി വീണ്ടും തുറക്കാനുള്ള ചൈനയുടെ നീക്കമാണ് ലോകവ്യാപകമായ പ്രതിഷേധത്തിന് വഴി വെച്ചിരിക്കുന്നത്. ചൈനയുടെ ഈ നടപടി ലോകത്താകമാനം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴി വെക്കുമെന്ന് ഗവേഷകരും ഡോക്ടർമാരും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും മുന്നറിയിപ്പ് നൽകുന്നു.
മനുഷ്യാവശ്യത്തിനായി വവ്വാലുകളെയും ഈനാംപേച്ചികളെയും നായ്ക്കളെയും വിൽക്കുന്ന വിപണിയാണ് ചൈന വീണ്ടും തുറന്നിരിക്കുന്നത്. കൊവിഡ് 19 വ്യാപനത്തിന് കാരണമായ കൊറോണ വൈറസ് വവ്വാലിൽ നിന്ന് മറ്റൊരു മൃഗത്തിലേക്ക് പടരാൻ സാദ്ധ്യതയുണ്ടെന്നും ഇത് വൻ ദുരന്തത്തിന് വഴി വെക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
വൈറസ് വ്യാപനത്തിന് മുൻപുണ്ടായിരുന്ന തരത്തിൽ ചൈന ഇറച്ചി വിപണികൾ തുറന്നിരിക്കുകയാണെന്നും ഇവിടങ്ങളിലേക്ക് പതിവു പോലെ ആളുകൾ കൂട്ടത്തോടെ എത്തിച്ചേരാൻ വലിയ താമസമുണ്ടാകില്ലെന്നും അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. നായ്ക്കളുടെയും വവ്വാലുകളുടെയും മുയലുകളുടെയും കശാപ്പ് പുനരാരംഭിച്ചതായും എന്നാൽ ഇവയുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നും ജനങ്ങളെ കാവൽക്കാർ തടയുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാനിലെ ഇറച്ചി വിപണിയിൽ നിന്നാണ് കൊറോണ വൈറസ് വ്യാപനം ഉണ്ടായതെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്താകമാനമുള്ള മൃഗസംരക്ഷണ പ്രവർത്തകരും ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും ചൈനയുടെ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്ത് വരുന്നുണ്ട്. എന്നാൽ അന്താരാഷ്ട്ര ആരോഗ്യ മേഖലയുടെ ആശങ്ക വക വയ്ക്കാതെ സാമ്പത്തിക നേട്ടം മാത്രം മുന്നിൽക്കണ്ട് മുന്നോട്ട് നീങ്ങുന്ന ചൈനയുടെ നയങ്ങൾക്കെതിരെ പ്രതിഷേധം പുകയുകയാണ്.
Discussion about this post