ഡൽഹി: കൊറോണയ്ക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടം തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ നീട്ടുന്ന കാര്യം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് ദൈർഘ്യമേറിയ പോരാട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗൺ അവസാനിച്ചാലും നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം സൂചന നൽകി. സംസ്ഥാന മുഖ്യമന്ത്രിമാർ പങ്കെടുത്ത അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്തത്.
എല്ലാ വിശ്വാസപ്രമാണങ്ങൾക്കും ഉപരിയാണ് ഈ പോരാട്ടമെന്നും സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ക്വാറന്റീനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇതിനായി സംസ്ഥാന- ജില്ലാ തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോക്ക് ഡൗൺ പിൻവലിച്ചാലും അത് തെരുവുകളിൽ വിഹരിക്കാനുള്ള ലൈസൻസായി കാണരുത്. നമ്മൾ യുദ്ധം തുടങ്ങിയിട്ടേയുള്ളൂ. കൊവിഡ് 19 ബാധയെ നേരിടുന്നതിനായി ദുരന്ത നിവാരണ സംവിധാനങ്ങൾ സംസ്ഥാന തലങ്ങളിൽ ശക്തിപ്പെടുത്തണമെന്നും ഇതിനായി 11,000 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
Discussion about this post