ഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ വിവേചനം പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഫൈഫ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്പ്പെടുതാത്തത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ വാദമാണ് ഇന്ന് പ്രധാനമായും നടന്നത്.
അതേസമയം ബാര്‍ക്കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോര്‍ണി ജനറലിന് ഹാജരാകാമെന്ന് സുപ്രീംകോടതി. ഹാജരാകുന്നതില്‍ നിന്ന് എജിയെ വിലക്കാനാകില്ല. അദ്ദേഹത്തെ നിയമിച്ചത് സുപ്രീംകോടതിയല്ല, കേന്ദ്രസര്‍ക്കാരാണ്. ചട്ടലംഘനമുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കോടതി വിലയിരുത്തി. ബാറുടമകള്‍ക്ക് വേണ്ടി ഹാജരാവുന്നതില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയെ വിലക്കണമെന്ന ടി.എന്‍. പ്രതാപന്റെ ആവശ്യം കോടതി തള്ളി.
അതേസമയം, ബാറുടമകള്‍ക്കുവേണ്ടി എജി ഹാജരാകുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ ഇന്നു കോടതിയില്‍ എതിര്‍ത്തില്ല. സംസ്ഥാന സര്‍ക്കാരുകളല്ലേ ഇക്കാര്യത്തില്‍ എതിര്പ്പറിയിക്കേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിനുപോലും അഭിഭാഷകര്‍ മറുപടി പറഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച കോടതി ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകള്‍ നല്കിയ ഹര്‍ജി പരിഗണിക്കെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ബാറുടമകള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരാണ് ഹാജരായത്.
ഫൈഫ് സ്റ്റാര്‍ ബാറുടമകള്‍ക്കും ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കുകയും തങ്ങളെ ഒഴിവാക്കുകയും ചെയ്തത് വിവേചനപരമാണെന്ന് ബാറുടമകളുടെ അഭിഭാഷകന് ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. ബാറുകള്‍ അടച്ച് പൂട്ടിയത് മദ്യ വ്യവസായത്തെ ബാധിച്ചുവെന്നും ഇത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയെന്നും ബാറുടമകള്‍ക്ക് വേണ്ടി അഭിഭാഷകര്‍ വാദിച്ചു. ബാറുകളെ തരം തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ചട്ടം, സര്‍ക്കാരിന്റെ അബ്കാരി നിയമം എന്നിവ പ്രകാരം ഫോര്സ്റ്റാറുകളേയും ഫൈവ് സ്റ്റാറുകളേയും ഒരേ ഗണത്തിലാണ് തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ബാറുടമകള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
Discussion about this post