കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും രോഗബാധയുടെ വ്യാപനവും സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ ഇന്ന് മന്ത്രിതല സമിതി യോഗം ചേരും.ലോക്ഡൗൺ നീട്ടണമെന്നത് സംബന്ധിച്ച കാര്യങ്ങളും ഇനിയുള്ള പദ്ധതികളും യോഗം വിശദമായി ചർച്ച ചെയ്യും.
ലോക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാറുകളുടെ കൂടി അഭിപ്രായം തേടിയിരിക്കുകയാണ്.ഈ സന്ദർഭത്തിൽ, കാര്യങ്ങൾ വിലയിരുത്താനാണ് ഇങ്ങനെ ഒരു യോഗം. രോഗബാധ നേരിടാൻ കേരള സർക്കാർ രൂപീകരിച്ച ടാസ്ക് ഫോഴ്സ് ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.നിയന്ത്രണങ്ങൾ ഒറ്റയടിക്ക് പിൻവലിക്കരുത്, ഘട്ടംഘട്ടമായി മാത്രമേ അത് ചെയ്യാവൂ എന്നാണ് സമിതി നിർദ്ദേശിച്ചിരിക്കുന്നത്.സിനിമ തീയറ്ററുകളും ഷോപ്പിങ് മാളുകളും തുടങ്ങി ജനസാന്ദ്രത ഉയർന്ന പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്നും സമിതി നിർദേശിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ലോക് ഡൗൺ 21 ദിവസം കൂടി നീട്ടണമെന്നാണ് സർക്കാരിനോട് ശുപാർശ ചെയ്തത്.ലോക് ഡൗൺ പിൻവലിക്കുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റം,സമൂഹ വ്യാപനമുണ്ടാകുന്ന സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നത്.












