മരുന്ന് ഉത്പാദനത്തിൽ ഉപയോഗിക്കുന്ന സജീവ മരുന്ന് ഘടകങ്ങളുടെ (എപിഐ) ലഭ്യതയ്ക്കായി അമിതമായി ചൈനയെ ആശ്രയിക്കുന്നത് നിർത്തണമെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ 2014ലെ റിപ്പോർട്ടിൽ നടപടിക്ക് ഒരുങ്ങി കേന്ദ്രസർക്കാർ.
എപിഐ ലഭ്യതയ്ക്ക് ചൈനയെ ആശ്രയിക്കുന്നത് ദേശസുരക്ഷയ്ക്കു തന്നെ അപകടമാണെന്നും ഡോവൽ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ മരുന്നു ലഭ്യത കുറയുന്നത് ഒഴിവാക്കാന്‍ നിര്‍മാണ രംഗത്ത് സ്വയംപര്യാപ്ത കൈവരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഡോവലിന്റെ റിപ്പോർട്ടിന്മേൽ എത്രയും വേഗം നയങ്ങൾ മാറ്റിയെഴുതാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ.
അജിത് ഡോവലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രാലയം വിദഗ്ധ സമിതി രൂപീകരിച്ച് നടപടികള്‍ സജീവമാക്കിയിരിക്കുകയാണ്. സാഹചര്യത്തിന്റെ അടിയന്തര പ്രാധാന്യം മുന്നില്‍ കണ്ട് ആവശ്യത്തിന് എപിഐ ലഭ്യമാക്കാനുള്ള നടപടികള്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ജോയിന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഈശ്വര റെഡ്ഡിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു. രാജ്യത്തെ എപിഐ വ്യവസായം പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
ലോകത്ത് തന്നെ മൂന്നാം സ്ഥാനത്താണ് നിലവിൽ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല. ഇന്ത്യക്ക് ആവശ്യമുള്ള സജീവ മരുന്നു ഘടകങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും ചൈനയില്‍നിന്നാണ് എത്തുന്നതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഫെബ്രുവരില്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തൊണ്ണൂറുകളില്‍ എപിഐ കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ ഈ രംഗത്തെ അപ്രമാദിത്വം സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. മലിനീകരണ തോത് കുറച്ച് എപിഐ നിര്‍മിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണ് നിലവിൽ ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം.
ചൈനയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കാനും ഇന്ത്യക്ക് പദ്ധതിയുണ്ട്. എ പി ഐ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ ഇന്ത്യക്ക് സാധിച്ചാൽ ഔഷധ നിർമ്മാണ വിപണ മേഖലയിലെ ചൈനീസ് കുത്തക അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും. ഒപ്പം ഇന്ത്യൻ ഔഷധ നിർമ്മാണ മേഖലയ്ക്ക് വലിയ സാദ്ധ്യതകൾ അന്താരാഷ്ട്ര തലത്തിൽ തുറന്ന് കിട്ടുമെന്നും ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Discussion about this post