മഹാരാഷ്ട്രയിൽ കോവിഡ്-19 വ്യാപനം നിയന്ത്രണമില്ലാതെ തുടരുകയാണ്. എന്നാൽ ഇതിലും നിശബ്ദമായി വിധാൻ സഭയിൽ പുകയുന്ന പ്രശ്നം മറ്റൊന്നാണ്.തെരഞ്ഞെടുപ്പ് നേരിടാതെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ സ്ഥാനമൊഴിയേണ്ടി വരുമോ എന്ന ചോദ്യം. എം.എൽ.എയാവാതെ മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെ, മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം ആറുമാസത്തിനകം തെരഞ്ഞെടുപ്പിൽ ജയിച്ച് എംഎൽഎയാകാം എന്നായിരുന്നു കണക്ക് കൂട്ടിയിരുന്നത്.എന്നാൽ, അപ്രതീക്ഷിതമായി വന്ന കോവിഡ്-19 മഹാമാരി ഉദ്ധവിന്റെ കണക്കുകൂട്ടലുകൾ തകിടംമറിച്ചു. മാർച്ച് 26ന് നടക്കേണ്ടിയിരുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ ശിവസേന കണ്ടിരുന്ന വഴി അടഞ്ഞു. ഉദ്ധവ് താക്കറെയുടേയും ശിവസേനയുടേയും മുന്നിൽ ഇനി അവശേഷിക്കുന്ന ഒരേയൊരു വഴി ഗവർണർക്ക് കുറച്ചുപേരെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യാം എന്നതാണ്.ഉദ്ധവ് താക്കറെയെ ഗവർണറെ കൊണ്ട് നിർദേശം ചെയ്യിപ്പിക്കാമെന്നാണ് മന്ത്രിസഭാ യോഗത്തിൽ ഉയർന്ന ആശയമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതുപക്ഷേ കരുതുന്നതുപോലെ എളുപ്പമാവില്ല.നിലവിൽ ഗവർണർക്ക് നാമനിർദ്ദേശം ചെയ്യാനാവുന്നത് 2 ഒഴിവിലേക്കാണ്.പേരുകൾ കൊടുക്കാൻ ജൂൺ പകുതി വരെ ഗവർണർക്ക് സമയമുണ്ട്.ഉദ്ധവിനാണെങ്കിൽ മെയ് 28 ന് മുമ്പ് എം.എൽ.സിയായിട്ടേ കാര്യമുള്ളൂ. കടമ്പകൾ മറികടന്ന് അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ഗവർണർ നാമനിർദേശം ചെയ്യുന്നത് വഴി മന്ത്രിയാകുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ഉദ്ധവ് താക്കറെ.
Discussion about this post