ചൈനീസ് വൈറസിന്റെ അന്താരാഷ്ട്ര പ്രതിഫലനങ്ങൾ നേട്ടമാക്കാനൊരുങ്ങി സമർത്ഥരായ ഇന്ത്യൻ നേതാക്കൾ. ചൈനയിൽ നിന്നും പ്രവർത്തനം അവസാനിപ്പിച്ചു പിന്മാറാൻ ആഗ്രഹിക്കുന്ന എല്ലാ വിദേശ കമ്പനികൾക്കും പരിപൂർണ്ണ സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗുജറാത്ത്, ഉത്തർപ്രദേശ് സർക്കാരുകൾ.കൊറോണ വൈറസ് ബാധയുടെ ഫലമായി സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വൻ സാമ്പത്തിക മാന്ദ്യം മുതലാളിത്ത രാജ്യങ്ങളെ സാരമായി തന്നെ ബാധിക്കും.ലോകബാങ്കും ഐ.എം.എഫും അടക്കം പല സംഘടനകളും ഇതേക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കൊടുങ്കാറ്റിൽ, ഉലയാതെ പിടിച്ചു നിൽക്കുക ഇന്ത്യയും ചൈനയും മാത്രമായിരിക്കുമെന്നും ഇവർ പ്രസ്താവിച്ചിരുന്നു.
ലോകരാഷ്ട്രങ്ങളുടെ വെറുപ്പും അപ്രീതി പിടിച്ചു പറ്റിയ ചൈനയോട് കൈകോർക്കാൻ ഒട്ടു മിക്ക ലോകരാഷ്ട്രങ്ങളും മടിച്ചു നിൽക്കുകയാണ്. മിക്ക രാഷ്ട്രങ്ങളും ചൈനീസ് സഹകരണം അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.പ്രത്യേകിച്ച് കാൽ ലക്ഷത്തിലധികം ജീവൻ നഷ്ടപ്പെട്ട, ഏഴു ലക്ഷത്തോളം പേർക്ക് മഹാമാരി ബാധിച്ച അമേരിക്ക. ചെറിയ രാഷ്ട്രമാണെങ്കിലും 2.2 ബില്യൻ ഡോളറിന്റെ പാക്കേജാണ് തങ്ങളുടെ വ്യവസായസ്ഥാപനങ്ങൾ ചൈനയിൽ നിന്നും മാറ്റാനാഗ്രഹിക്കുന്ന കമ്പനികൾക്ക് ജപ്പാൻ സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയിൽ നിന്നും പ്രവർത്തനം മാറ്റാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ധനസഹായം പ്രഖ്യാപിക്കുന്നത് പരിഗണനയിലുണ്ടെന്ന വൈറ്റ്ഹൗസിലെ നാഷണൽ എക്കണോമി കൗൺസിൽ ഡയറക്ടറായ ലാറി കുഡ്ലോവിന്റെ പ്രഖ്യാപനം, അമേരിക്കയുടെ നിലപാടും മറ്റൊന്നല്ല എന്നു വ്യക്തമാക്കുന്നതാണ്.
ലോകത്തിന്റെ നാഡിമിടിപ്പ് തന്നെ ഭയം എന്ന വികാരത്തിലേക്ക് ഒതുക്കിയ ചൈന സൃഷ്ടിച്ച ഈ പ്രതികൂല സമയം അനുകൂലമാക്കി മാറ്റാനുള്ള ചിന്തകൾ ആദ്യമുദിച്ചത് ഗുജറാത്ത്, ഉത്തർപ്രദേശ് സർക്കാരുകൾക്കാണ്.തങ്ങളുടെ നിർമ്മാണ യൂണിറ്റുകളും ഫാക്ടറികളും ചൈനയിൽ നിന്നും പിൻവലിച്ച് മാറ്റി സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന വിദേശകമ്പനികൾക്ക് പ്രത്യേക പാക്കേജ് രൂപീകരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. മറ്റാരുമല്ല, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കോവിഡ് ആഗോള മഹാമാരി സൃഷ്ടിച്ചേക്കാവുന്ന സാമ്പത്തിക വ്യാവസായിക പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കാനും പ്രതിരോധിക്കാനും 11 കമ്മിറ്റികൾ തന്നെ യുപി സർക്കാർ രൂപീകരിക്കുന്നുണ്ട്. വ്യവസായ വികസന വിഭാഗത്തോടും, എം.എസ്.എം.ഇ മന്ത്രാലയത്തോടും, ചൈന ഉപേക്ഷിച്ചുവരുന വിദേശ കമ്പനികൾക്ക് വേണ്ടി പ്രത്യേക പാക്കേജ് തയ്യാറാക്കാൻ യോഗി ഉത്തരവിട്ടു കഴിഞ്ഞുവെന്ന് ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി അഭിലാഷ് കുമാർ അവസ്തി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.എന്തും മുന്നിട്ടിറങ്ങി മാത്രം ചെയ്തു ശീലമുള്ള യോഗി ആദിത്യനാഥ്, ഈ വർഷം അവസാനത്തോടെ ഈ കമ്പനികളുമായി സഹകരിക്കാൻ ഒരു ഉച്ചകോടി വിഭാവന ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.കാര്യങ്ങളുടെ പോക്ക് അങ്ങനെയാണെങ്കിൽ, അസാമാന്യ പ്രവേഗത്തിലായിരിക്കും ഉത്തർപ്രദേശിന്റെ വികസനം. അതേ സമയം, ഗുജറാത്ത് സർക്കാർ, ചൈനീസ്,അമേരിക്കൻ കമ്പനികളെ വ്യവസായം ആരംഭിക്കാനുള്ള തങ്ങളുടെ സന്നദ്ധത നേരിട്ടറിയിച്ചു കഴിഞ്ഞു.പൊതുവേ നരേന്ദ്രമോഡിയുടെ ഗുജറാത്തിൽ അമേരിക്കയ്ക്കു വൻ പ്രതീക്ഷയാണുള്ളത്. മൂന്നാം വട്ടവും മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് വൻ പ്രാധാന്യത്തോടെ ടൈംസ് ഓഫ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ കാർട്ടൂണുകൾക്കും പരാമർശങ്ങൾക്കും കുപ്രസിദ്ധമായ പത്രത്തിന്റെ ആ ലേഖനം തന്നെ ഗുജറാത്തിലുള്ള അമേരിക്കയുടെ വ്യവസായ കണ്ണ് വ്യക്തമാക്കുന്നതാണ്. യഥാർത്ഥത്തിൽ, ഗുജറാത്ത് മണ്ണിലെ വ്യവസായ സാധ്യതകൾ അമേരിക്ക മുൻപേ തിരിച്ചറിഞ്ഞതാണ്.നിലവിൽ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ ബാങ്ക് ഓഫ് അമേരിക്കയുടെയും സോഫ്റ്റ്‌വെയർ ഭീമനായ ഒറാക്കിളിന്റെ ഇൻട്രൊഡക്ഷൻ ഡെവലപ്മെന്റ് സെന്ററിന്റെയും , യു.എസ് ചിപ്പ് ഡിസൈൻ കമ്പനിയായ മാക്സിം ഇന്റിഗ്രേറ്റഡ് എന്നിവയുടെയും ബ്രാഞ്ചുകൾ പോലും ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവർത്തിക്കുന്നുണ്ട്.
ടൊയോട്ട, മോറിസ്കൊ, മുറാകാമി, സുസുക്കി, ഗോസെയ് തുടങ്ങി നിരവധി ജാപ്പനീസ് കമ്പനികളാണ് ഗുജറാത്തിൽ നിലവിൽ പ്രത്യക്ഷമായും ഇന്ത്യൻ പിന്തുണയോടെയും ഒക്കെയായി പ്രവർത്തിക്കുന്നത്. 2017 സെപ്റ്റംബറിൽ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ ഇന്ത്യൻ സന്ദർശനത്തിലായിരുന്നു ഈ കമ്പനികളിൽ പലതും ഇന്ത്യയുമായി പ്രവർത്തിക്കാൻ ധാരണയായത്. ഗാന്ധി നഗറിൽ നടന്ന ഇൻഡോ ജാപ്പനീസ് ഉച്ചകോടിയിൽ പതിനെട്ടോളം കമ്പനികൾ ഗുജറാത്തിൽ നിക്ഷേപിക്കാനുള്ള തങ്ങളുടെ കരാറൊപ്പിട്ടു. ഈ കമ്പനികളുടെ സാന്നിധ്യം ഗുജറാത്തിൽ വ്യവസായം ആരംഭിക്കാൻ മറ്റുള്ള ജപ്പാനീസ് കമ്പനികൾക്ക് വൻ ആത്മവിശ്വാസമാണ് നൽകുന്നത്. ഓട്ടോമൊബൈൽ, എഞ്ചിനീയറിംഗ് മേഖലകളിൽ മാത്രം 19,000 കോടിയിലധികം രൂപ ജപ്പാൻ കമ്പനികൾ ഗുജറാത്തിൽ നിക്ഷേപിച്ചിട്ടുണ്ട്.ഏതുതരത്തിലുള്ള വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുന്ന ഗുജറാത്ത് സർക്കാർ അകമഴിഞ്ഞ പിന്തുണയാണ് ജപ്പാൻ കമ്പനികൾക്കും അമേരിക്കൻ കമ്പനികൾക്കും ഉറപ്പു നൽകിയിട്ടുള്ളത്. ചൈന ഉപേക്ഷിച്ചു വരുന്ന കമ്പനികൾക്കും എല്ലാവിധ പിന്തുണയും ഇന്ത്യ സംസ്ഥാനങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ, കോവിഡ് വൈറസ് ചൈനയുടെ നല്ലൊരു ശതമാനം വ്യവസായ സ്വപ്നങ്ങളുടെയും അന്തകനായി മാറുന്ന ലക്ഷണമാണ് പ്രകടമാകുന്നത്.
Discussion about this post