ന്യൂഡൽഹി : കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് പ്രത്യേക വരവേൽപ്പൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. എല്ലാ താരങ്ങളുമായും ആശയവിനിമയം നടത്തിയ മോദി അഭിമാനകരമായ വിജയം നേടിയ ടീമിന് മധുരം നൽകി സന്തോഷം പങ്കുവെച്ചു.

കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിക്ക് ടീമിലെ താരങ്ങൾ എല്ലാവരും ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചു. പകരമായി, പ്രധാനമന്ത്രി ടീമിനായി ഒരു മാച്ച് ബോളിൽ ഒപ്പിട്ടു സമ്മാനിച്ചു. ലോകകപ്പ് സ്വന്തമാക്കിയ കാഴ്ച പരിമിതരായ വനിതകളുടെ ടീമിന്റെ നേട്ടം ഭാവി തലമുറയ്ക്ക് തന്നെ പ്രചോദനമാണെന്ന് മോദി വ്യക്തമാക്കി. ടീമിലെ ഓരോ അംഗത്തിനും ഒപ്പം ഫോട്ടോ എടുത്ത അദ്ദേഹം എല്ലാവർക്കും പ്രത്യേകമായി മധുരം നൽകുകയും ചെയ്തു.

ടൂർണമെന്റിലുടനീളം ഇന്ത്യൻ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ടീം തോൽവിയറിയാതെ ആണ് ഫൈനലിൽ പ്രവേശിച്ചിരുന്നത്. ഫൈനലിൽ നേപ്പാളിനെതിരെ വൻവിജയം നേടിക്കൊണ്ടാണ് ഇന്ത്യൻ ടീം ലോകകപ്പ് സ്വന്തമാക്കിയത്. കാഴ്ച പരിമിതരായ വനിതകൾക്കുള്ള ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് മത്സരം ആയിരുന്നു ഇത്. ലോകകപ്പ് നേടിയ കിരീടം നേടിയ ഇന്ത്യൻ കാഴ്ചപരിമിത ടീമിനെ അന്ന് തന്നെ പ്രധാനമന്ത്രി മോദി എക്സിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് താരങ്ങൾ കൊളംബോയിൽ നിന്നും തിരിച്ചെത്തിയ ശേഷമാണ് ഇപ്പോൾ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രത്യേക സ്വീകരണം ഒരുക്കിയത്.









Discussion about this post