പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിവെച്ചതായി റിപ്പോർട്ട്.ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന ആശങ്ക കാരണം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ചതായി കറാച്ചി ആസ്ഥാനമായുള്ള ദിനപത്രമായ ഡോണാണ് റിപ്പോർട്ട് ചെയ്യുന്നത്. സെനറ്റ് ഫംഗ്ഷണൽ കമ്മിറ്റി ഓൺ ഹ്യുമൺ റൈറ്റ്സ് യോഗത്തിലാണ് വെളിപ്പെടുത്തലുണ്ടായത്. നിരോധനം ഔദ്യോഗികമായാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്
പാകിസ്താനിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രമേ ഇരു രാജ്യങ്ങളും ഇപ്പോൾ വിസ നൽകുന്നുള്ളൂ. സാധാരണ പാക് പൗരന്മാർക്ക് വിസ നൽകുന്നില്ല. യുഎഇയിൽ പാക് പൗരന്മാർ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതാണ് വിസ നൽകാതിരിക്കാൻ കാരണമായി പറയുന്നത്. വളരെയധികം സമ്മർദ്ദം ചെലുത്തിയത് കൊണ്ടാണ് കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ കുറച്ച് പാക് പൗരന്മാർക്കെങ്കിലും വിസ ലഭ്യമാക്കാൻ സാധിച്ചതെന്ന് പാകിസ്ഥാനിലെ സെനറ്റ് ഫങ്ഷണൽ കമ്മിറ്റി ഓൺ ഹ്യൂമൻ റൈറ്റ്‌സ് ചെയർപേഴ്സൺ സമിന മുംതാസ് സെഹ്രി പറയുന്നു.
ഭിക്ഷാടന സംഘങ്ങൾ, കൊലപാതകങ്ങൾ, ലഹരി റാക്കറ്റ്, അനധികൃത താമസം തുടങ്ങിയ നിരവധി സംഭവങ്ങൾ യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. യുഎഇയുടെ തീരുമാനം പാക് പൗരന്മാരുടെ ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, വർക്ക് പെർമിറ്റ് തുടങ്ങിയ എല്ലാ തരം വിസകൾക്കും ബാധകമായിരിക്കും. നിലവിൽ യുഎഇയിൽ തുടരുന്നവർക്ക് വിസയുടെ കാലാവധി തീരുന്നത് വരെ തുടരാം.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് എട്ടുലക്ഷത്തിലധികം പാകിസ്താനികളാണ് വിസയ്ക്കായി അപേക്ഷിക്കുന്നത്. സമീപ വർഷങ്ങളിൽ സൗദി അറേബ്യയിൽ മാത്രം നാലായിരത്തിലധികം ഭിക്ഷാടകരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി ലഹരിക്കടത്ത് കേസുകളിലും ക്രിമിനൽ കേസുകളിലും പാകിസ്താനികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.











Discussion about this post