കൊറോണ ഗവേഷണത്തിൽ നിർണ്ണായക നേട്ടവുമായി ഗുജറാത്തിലെ സർക്കാർ ലാബ്. വൈറസിന്റെ ജനിതക ഘടനാ ക്രമീകരണം ഡീകോഡ് ചെയ്യുന്നതിൽ ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററിലെ ഗവേഷകർ വിജയിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാന സർക്കാർ ലബോറട്ടറിയായി മാറിയ ജിബിആർസിയെ അഭിനന്ദിക്കുന്നതായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വൈറസിന്റെ ഉത്ഭവം, മരുന്നു ഗവേഷണം, വാക്സിൻ ഗവേഷണം എന്നീ മേഖലകളിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കുന്ന കണ്ടു പിടുത്തമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. വൈറസിന്റെ സമ്പൂർണ്ണമായ ഡി എൻ എ ഘടനയിലേക്ക് വെളിച്ചം വീശുന്ന കണ്ടു പിടുത്തമാണ് ഇത്. കൊറോണ വൈറസ് പോസിറ്റീവ് ആയ രോഗികളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ഈ നേട്ടം സാദ്ധ്യമായിരിക്കുന്നത്.
ഇന്ത്യയിലെ രണ്ട് ഇനം വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം നേരത്തെ ഐ സി എം ആർ കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നും അവർ വിശദീകരിച്ചിരുന്നു.
അതേസമയം ഇന്ത്യയിലെ ആകെ കൊറോണ പോസിറ്റിവ് കേസുകളുടെ എണ്ണം 12,380 ആയി. മരണ സംഖ്യ 414 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Discussion about this post