അഹമ്മദാബാദിലെ ആശുപത്രിയിൽ മതത്തിന്റെ പേരിൽ കൊറോണ രോഗികളെ വേർതിരിക്കുന്നുവെന്ന ഇന്ത്യൻ എക്സ്പ്രസ്സിന്റെ വാർത്തയെ വസ്തുതാപരമായി പൊളിച്ചടുക്കി ഗുജറാത്ത് സർക്കാർ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം ആശുപത്രികളിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേകം വാർഡുകൾ തയ്യാറാക്കിയിരിക്കുന്നു എന്നായിരുന്നു ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇത്തരം വാർത്തകൾ സാംഗത്യമില്ലാത്തവയാണെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കുന്നു. മതപരമായി ഗുജറാത്തിലെ ഒരു ആശുപത്രികളിലും വിവേചനം നിലനിൽക്കുന്നില്ലെന്നും കൊറോണ വൈറസ് രോഗികളെ ഹിന്ദുക്കളെന്നും മുസ്ലീങ്ങളെന്നും വേർതിരിച്ച് വെവ്വേറേ വാർഡുകളിൽ ചികിത്സിക്കുന്നില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു.
https://twitter.com/PIBAhmedabad/status/1250344053809369089
കൊറോണ വൈറസ് ബാധിതരെ മതത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് രോഗലക്ഷണങ്ങളുടെയും കാഠിന്യത്തിന്റെയും അടിസ്ഥാനത്തിലാണ് വെവ്വേറെ വാർഡുകളിൽ ചികിത്സിക്കുന്നത്. ഇത് പൂർണ്ണമായും ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണെന്നും രേഖകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് സമർത്ഥിക്കുന്നു.
ഇതാദ്യമായല്ല മതധ്രുവീകരണമുണ്ടാക്കാൻ ഇന്ത്യൻ എക്സ്പ്രസ്സ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. 2019ൽ നടന്ന ഒരടിപിടിക്കേസിൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംഘം ചേർന്ന ഹിന്ദുക്കൾ ഒരു മുസ്ലീം യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ചതായി അവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് അത്തരമൊരു ആരോപണം പരാതിക്കാർ പോലും ഉന്നയിച്ചിട്ടില്ലായിരുന്നു എന്നതാണ് വസ്തുത.
അഹമ്മദാബാദിലെ സ്കൂളുകളിൽ മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത യൂണിഫോമുകൾ നിലനിൽക്കുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് 2015ൽ റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലീം ഭൂരിപക്ഷ മേഖലയിൽ നിന്നുള്ള കുട്ടികൾക്ക് പച്ച യൂണിഫോമും ഹിന്ദു ഭൂരിപക്ഷ മേഖലയിൽ നിന്നുള്ള കുട്ടികൾക്ക് കാവി യൂണിഫോമും എന്നതായിരുന്നു റിപ്പോർട്ട്. എന്നാൽ അത്തരമൊരു വിവേചനം അവിടെ നിലനിൽക്കുന്നില്ലെന്ന് കോർപ്പറേഷനും മാനേജ്മെന്റുകളും രക്ഷാകർത്താക്കളും പിന്നീട് വ്യക്തമാക്കിയിരുന്നു.
Discussion about this post