ഡൽഹി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐ എം എ ഡോക്ടർമാരുമായി അദ്ദേഹം വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു.
ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്ന് അദ്ദേഹം ഡോക്ടർമാർക്ക് ഉറപ്പ് നൽകി. വിഷയത്തിൽ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഡോക്ടർമാർക്കെതിരെയും ആരോഗ്യ പ്രവർത്തകർക്കെതിരെയും ചിലർ നടത്തുന്ന അതിക്രമങ്ങളിൽ ഐ എം എ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഏപ്രിൽ 23 കരിദിനമായി ആചരിക്കാനും സംഘടന ആഹ്വാനം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
അതേസമയം ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരായ ആക്രമണങ്ങൾ, ലോക്ക് ഡൗൺ ലംഘനങ്ങൾ, സാമൂഹിക അകലപാലനത്തിലെ അപാകം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആറ് സംഘങ്ങളെ കേന്ദ്രസർക്കാർ നേരത്തെ നിയോഗിച്ചിരുന്നു.










