ശ്രീകാകുളം: ലോക്ക് ഡൗണിൽ വീട്ടിലിരാക്കൻ ഉപദേശവുമായി കൊറോണയും യമരാജനും തെരുവിലിറങ്ങി. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് വ്യത്യസ്തമായ കൊവിഡ് ബോധവത്കരണ പരിപാടിയുമായി ജില്ലാ ഭരണകൂടം ജനശ്രദ്ധയാകർഷിച്ചത്.
സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് ജില്ലാ ഭരണകൂടവും പൊലീസും പരിപാടി സംഘടിപ്പിച്ചത്. മരണദേവനായ യമരാജന്റെയും സഹായികളുടെയും കൊറോണ വൈറസിന്റെയും വേഷത്തിൽ കുട്ടികൾ തെരുവിലിറങ്ങി. സാമൂഹിക അകലപാലനം ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിച്ചാണ് ഇവർ ബോധവത്കരണ പരിപാടിയുമായി രംഗത്തിറങ്ങിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ എല്ലാവരും പാലിക്കണമെന്ന് ഇവർ ജനങ്ങളെ ഉപദേശിച്ചു. എല്ലാവരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇവർ പറഞ്ഞു.
ഗ്രീൻ സോണായി പരിഗണിക്കപ്പെട്ടിരുന്ന ശ്രീകാകുളത്ത് നാല് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ബോധവത്കരണത്തിന്റെ വ്യത്യസ്ത മുഖവുമായി കുട്ടികൾ രംഗത്തിറങ്ങിയത്.
Discussion about this post