ഡൽഹി: ഒരു ജീവനക്കാരന് കൊറോണ രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ നീതി ആയോഗ് കാര്യാലയം അടച്ച് പൂട്ടി.
നീതി ആയോഗ് കൊവിഡ് ബാധയുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങളും പാലിക്കുകയാണെന്നും കെട്ടിടം അടച്ച് പൂട്ടി ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയോടെയാണ് ജീവനക്കാരന്റെ പരിശോധനാ ഫലം പുറത്തു വന്നത്. ഉടൻ തന്നെ ഇയാളുമായി സമ്പർക്കം പുലർത്തിയവരെ വിവരം അറിയിച്ചതായും കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റീന് വിധേയരാകാൻ ആവശ്യപ്പെട്ടതായും നീതി ആയോഗ് പ്രതിനിധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, ജീവനക്കാരന് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ഓഫീസും അടച്ചു പൂട്ടി ശുചീകരണം നടത്തിയിരുന്നു.
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാം ഘട്ട ലോക്ക് ഡൗൺ മെയ് 3നാണ് അവസാനിക്കുന്നത്. അതേസമയം ലോക്ക് ഡൗൺ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
Discussion about this post