ലഖ്നൗ: കൊവിഡ് ഭീതിമൂലം ചൈന വിടുന്ന അമേരിക്കൻ കമ്പനികൾ ഇന്ത്യയിലേക്ക് ചുവടു മാറ്റുന്നു. ചൈനയിലെ പ്രവചനാതീതമായ അവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ 100 യുഎസ് കമ്പനികൾ ഉത്തർപ്രദേശിലേക്ക് വരാൻ താത്‌പര്യം പ്രകടിപ്പിച്ചതായി മന്ത്രി സിദ്ധാർഥ് നാഥ് സിങ് അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴി നൂറിലേറേ കമ്പനികളുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്തമായ പല അമേരിക്കൻ കമ്പനികൾക്കും ചൈനയിൽ വൻ നിക്ഷേപമുണ്ട്. ഈ കമ്പനികൾ ചൈന വിടുന്ന സാഹചര്യത്തിൽ ഈ അവസരം ഉപയോഗപ്പെടുത്തി അവയെ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് യുപിയിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശ്രമം നടത്തുകയാണെന്നും സിദ്ധാർത്ഥ് നാഥ് സിംഗ് വ്യക്തമാക്കി.
ലോജിസ്റ്റിക്സ്, ഓട്ടോമൊബൈൽ, ഇലക്ടോണിക്സ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികളാണ് ചൈന വിടാൻ തയ്യാറെടുക്കുന്നത്. വ്യവസായ മേഖലയിലെ ഉദാരമായ നയസമീപനങ്ങളിലൂടെ ഇവയെ ഉത്തർ പ്രദേശിക്ക് ആകർഷിക്കാൻ സാധിക്കുമെന്നും സിദ്ധാർത്ഥ് നാഥ് വ്യക്തമാക്കി.
Discussion about this post