പത്തനംതിട്ട: കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവവരുടെ വിവരങ്ങള്‍ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍. തെള്ളിയൂര്‍ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറായ കോയിപ്രം അശ്വതി ഭവനില്‍ മായയെയാണ് പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ എസ് ന്യൂമാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ശേഷം ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
ജില്ലയിലെ കൊറോണ കണ്ട്രോള് റൂമില്‍ നിന്നും പുറത്തുവിട്ട ലിസ്റ്റ് പ്രതി സ്വന്തം വാട്സാപ്പ് നമ്പരില്‍ നിന്നും ഇതര ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വാട്സാപ്പ് നമ്പറില്‍ നിന്നാണ് ലിസ്റ്റ് ചോര്‍ന്നതെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടര്‍ന്നു വരുകയാണെന്നും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.
അതേസമയം കൊറോണ സംബന്ധിച്ചും മറ്റും തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുകയോ, കൃത്രിമമായി സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
Discussion about this post