കാൺപുർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്ക് നിർദ്ദേശം നൽകി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാൺപുരിലെ ആരോഗ്യ പ്രവർത്തകരെയും പൊലീസുകാരെയും ഒരു സംഘം ആളുകൾ കല്ലെറിഞ്ഞ സംഭവം ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത്തരക്കാർക്കെതിരെ കേന്ദ്ര നിയമ പ്രകാരം നടപടി സ്വീകരിക്കാൻ അദ്ദേഹം ഉത്തരവിട്ടത്.
കൊറോണ വൈറസ് ബാധ സംശയിക്കുന്ന കുടുംബത്തെ ക്വാറന്റീൻ ചെയ്യാൻ പോയ പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയാണ് കാൺപുരിലെ ചമൻ ഗഞ്ചിൽ ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട മേഖല, രാജ്യത്തെ സുപ്രധാന കൊവിഡ് ഹോട്ട്സ്പോട്ടുകളിൽ ഒന്നാണ്.
‘ആരോഗ്യ പ്രവർത്തകരെയും പൊലീസുകാരെയും ആക്രമിക്കുന്നവരെ ക്രിമിനലുകളായാണ് സർക്കാർ പരിഗണിക്കുന്നത്. ഇവരെയെല്ലാം ഉടൻ പിടികൂടും. ഇവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരവും ദേശീയ സുരക്ഷാ നിയമ പ്രകാരവും ശക്തമായ നടപടികൾ തന്നെ സ്വീകരിക്കും.‘ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
കൊറോണ വൈറസ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരെയും പൊലീസുകാരെയും ആക്രമിക്കുന്നവർക്കെതിരെ കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടു വന്നിരുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാൽ 6 മാസം മുതൽ 7 വർഷം വരെ തടവും അമ്പതിനായിരം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് കേന്ദ്രനിയമം.
Discussion about this post