ചങ്ങനാശ്ശേരി :തീവ്രബാധിത മേഖലയായ ചങ്ങനാശ്ശേരിയിൽ ലോക്ക്ഡൗൺ ലംഘനം.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലുള്ള കോവിഡ് ഹോട്സ്പോട്ടിൽ നിയന്ത്രണങ്ങൾ ലംഘിച്ച് മധുരയിൽ നിന്നുള്ള പച്ചക്കറി വണ്ടിയെത്തി.പച്ചക്കറി ലോഡുമായി വാഹനമെത്തിയിടത്തും പരിസരപ്രദേശങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.ഇതിനാൽ ലോഡുമായി വന്ന മധുര സ്വദേശികളെ നിരീക്ഷണത്തിലാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരുന്നു.എന്നാൽ അതും പാലിക്കപ്പെട്ടില്ലായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, മലപ്പുറത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾ ലോക്ക്ഡൗൺ നിർദ്ദേശങ്ങളെ വകവെയ്ക്കാതെ തെരുവിലിറങ്ങി പ്രതിഷേധമറിയിച്ചു.നാട്ടിൽ പോകണമെന്ന ആവശ്യവുമായാണ് തൊഴിലാളികൾ തെരുവിലിറങ്ങിയത്.നൂറോളം തൊഴിലാളികൾ ഉണ്ടായിരുന്നതിനാൽ സാഹചര്യം നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടി വന്നു.ഈ പ്രകടനത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും ഗൂഢാലോചനയുണ്ടോയെന്നും, ഇത് തൊഴിലാളികളല്ലാതെ ആരെങ്കിലും ആസൂത്രണം ചെയ്‌താണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കസ്റ്റഡിയിലെടുത്ത അതിഥി തൊഴിലാളികളെ ചോദ്യം ചെയ്തുവരികയാണ്.












