ഭോപാൽ: കൊവിഡ് രോഗബാധയെ തുടർന്ന് ഭോപാലിൽ മരിച്ച പതിനഞ്ച് പേരിൽ പതിമൂന്ന് പേരും 1984ലെ വാതക ദുരന്തത്തെ അതിജീവിച്ചവരെന്ന് റിപ്പോർട്ട്. വാതക ദുരന്തത്തെ തുടർന്ന് ശ്വാസകോശങ്ങൾക്കും കിഡ്നിക്കും ഹൃദയത്തിനിമൊക്കെ അപരിഹാര്യമായ ക്ഷതം സംഭവിച്ചതിനാലാണ് ഇവർ രോഗബാധക്ക് അതിവേഗം കീഴടങ്ങിയതെന്ന് മനുഷ്യാവകാശ പ്രവർത്തക രചന ധിംഗ്ര പറഞ്ഞു.
രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഭോപ്പാലിലെ കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. 1984 ഡിസംബർ 2 ന് 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി മീഥൈൽ ഐസോസയനേറ്റ് എന്ന വിഷവാതകം അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയുമായിരുന്നു.
വാതകം ഭോപ്പാൽ നഗരത്തിലുടനീളം വ്യാപിക്കുകയും 6000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു.
2010 ജൂണിൽ മുൻ യു.സി.ഐ.എൽ ചെയർമാൻ വാറൺ ആൻഡേഴ്‌സൺ അടക്കം ഏഴ് ജോലിക്കാരെ കുറ്റവാളികളായി കോടതി പ്രഖ്യാപിച്ചു. ഈ ഉദ്യോഗസ്ഥരുടെ അശ്രദ്ധമൂലമാണ് നിരവധി പേർ മരിക്കാനിടയായത് എന്നതിനാൽ ഇവർക്ക് കോടതി രണ്ടു വർഷം തടവും രണ്ടായിരം അമേരിക്കൻ ഡോളർ പിഴയും ചുമത്തുകയുണ്ടായി.
എന്നാൽ അറസ്റ്റിലായ ദിവസം തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് പുറത്തിറങ്ങിയ ആൻഡേഴ്സൺ ഇന്ത്യ വിട്ടിരുന്നു. മൂന്നു വർഷത്തിനുശേഷം സി.ബി.ഐ ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടായി. പലതവണ സമൺസ് അയച്ചു. തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആൻഡേഴ്സൺ 2014 ഒക്ടോബറിൽ മരണമടഞ്ഞു.
ആൻഡേഴ്സണെ മോചിപ്പിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഇടപെട്ടതായി പിന്നീട് വാർത്തകൾ വന്നിരുന്നു. ഭോപ്പാല്‍ വാതക ദുരന്ത സമയത്ത് യുഎസിന്റെ ഇന്ത്യന്‍ നയതന്ത്ര സംഘത്തിലുണ്ടായിരുന്ന ഗോര്‍ഡന്‍ സ്ട്രീബ് അന്നത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ആന്‍ഡേഴ്സന് സുരക്ഷിത പാത ഒരുക്കി എന്ന് വെളിപ്പെടുത്തിയിരുന്നു.
Discussion about this post