ഡൽഹി: ഹന്ദ്വാരയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച 21 രാഷ്ട്രീയ റൈഫിൾസ് കമാൻഡിംഗ് ഓഫീസർ കേണൽ അശുതോഷ് ശർമ്മ ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ രണ്ട് തവണ ധീരതയ്ക്കുള്ള മെഡൽ നേട്ടിയിട്ടുള്ള വീരസൈനികനാണ്. ഭീകരരുമായുള്ള ഏറ്റമുട്ടലിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവൻ ബലിയർപ്പിക്കുന്ന ആദ്യത്തെ കേണൽ റാങ്ക് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം.
ഗാർഡ്സ് റെജിമെന്റിന്റെ ഭാഗമായി കശ്മീർ താഴ്വരയിൽ ദീർഘകാലമായി സേവനമുഷ്ഠിച്ചു വരികയായിരുന്നു കേണൽ അശുതോഷ് ശർമ്മ. കമാൻഡിംഗ് ഓഫീസർ എന്ന നിലയിൽ പ്രകടിപ്പിച്ച ധീരോദാത്തമായ നേതൃപാടവവും പോരാട്ടവീര്യവുമാണ് അദ്ദേഹത്തെ രണ്ട് തവണ ധീരതയ്ക്കുള്ള മെഡലിന് അർഹനാക്കിയത്.
വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ഗ്രനേഡുമായി സേനാവ്യൂഹത്തിന് നേർക്ക് പാഞ്ഞടുത്ത ഭീകരനെ റോഡിൽ വെച്ച് ക്ലോസ് റേഞ്ചിൽ വെടിവെച്ചു വീഴ്ത്തി ജമ്മു കശ്മീർ പൊലീസിന്റെയും അസംഖ്യം സൈനികരുടെയും ജീവൻ കാത്ത പോരാട്ട വീര്യമാണ് ഇന്ന് രാജ്യത്തിനായി ബലിയർപ്പിക്കപ്പെട്ടിരിക്കുന്നത്.
2015 ജനുവരിയിൽ കശ്മീർ താഴ്വരയിൽ വീരമൃത്യു വരിച്ച കേണൽ എം എൻ റായ്ക്കും അതേ വർഷം നവംബറിൽ വീരമൃത്യു വരിച്ച കേണൽ സന്തോഷ് മഹാദികിനും ശേഷം ഭാരതത്തിന്റെ രക്ഷയ്ക്കായി ജീവൻ ബലിയർപ്പിക്കപ്പെടുന്ന കമാൻഡിംഗ് ഓഫീസറാണ് കേണൽ അശുതോഷ് ശർമ്മ.
കേണൽ അശുതോഷ് ശർമ്മയ്ക്കൊപ്പം മേജർ അനൂജ് സൂദ്, നായിക് രാജേഷ്, ലാൻസ് നായിക് ദിനേഷ് തുടങ്ങിയവരും കശ്മീരിൽ വീരമൃത്യു വരിച്ചു. ഇന്ത്യൻ സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ശക്തമായ തിരിച്ചടിക്ക് ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നതായാണ് വിവരം.









